കെ.സുധാകരൻ, പി.എ. മുഹമ്മദ് റിയാസ് | ഫയൽചിത്രം | മാതൃഭൂമി
കോഴിക്കോട്: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഇടതുപക്ഷ നേതാക്കളാരും വന്നില്ലെന്ന പ്രസ്താവനയ്ക്കാണ് മന്ത്രി ഫെയ്സ്ബുക്കിലൂടെ മറുപടി നല്‍കിയത്. മന്ത്രി പി. രാജീവ് യശ്വന്ത് സിന്‍ഹയെ നേരിട്ടുകണ്ട ചിത്രവും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.
മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്ററിയുവാന്‍,
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി ശ്രീ.യശ്വന്ത് സിന്‍ഹയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അങ്ങയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടു.വായിച്ചപ്പോള്‍ അത്ഭുതവും ആശ്ചര്യവും തോന്നി. അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്.
പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ശ്രീ യശ്വന്ത് സിന്‍ഹയുടെ സന്ദര്‍ശന വിവരം അറിഞ്ഞ ഉടന്‍ തന്നെ ചുമതല ഏറ്റെടുത്ത് ഇടപെട്ടവരില്‍ ഒരാള്‍ മന്ത്രി ശ്രീ. പി.രാജീവാണ്. മന്ത്രി സൂചിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തെ സ്വീകരിക്കാനും താമസം ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാനും ഞങ്ങള്‍ ഇടപെട്ടിരുന്നു. യശ്വന്ത്സിന്‍ഹയെയും ടീമിനെയും സഹായിക്കുവാന്‍ എന്റെ ഓഫീസിലെ ഉത്തരവാദിത്തപ്പെട്ട ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും അത് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങയുടെ പോസ്റ്റില്‍ ഇടതുപക്ഷത്തിന്റെ മോദി പേടിയെ കുറിച്ച് വായിച്ചു. ഇടതുപക്ഷ നേതാക്കളെ പോലെ തന്നെ ശ്രീ.മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത ആളാണ് ഈ ചുമതലപെടുത്തിയ വ്യക്തിയും. രഞ്ജിത്ത് എന്നാണ് പേര്.മോദി ഭരണത്തിന്റെ മര്‍ദ്ദനം ഡല്‍ഹിയില്‍ വെച്ച് ഒരുപാട് അനുഭവിച്ച വ്യക്തികൂടിയാണ് രഞ്ജിത്ത്.യശ്വന്ത് ജിയെ കാണാന്‍ അങ്ങ് പോകുന്നുണ്ടെങ്കില്‍ പരിചയപ്പെടണം.അവിടെയുണ്ട്. അതു മാത്രമല്ല യശ്വന്ത്ജിതാമസിക്കുന്ന ഇടത്ത് പോയി മന്ത്രി ശ്രീ. പി രാജീവ് അദ്ദേഹത്തെ നേരില്‍ കാണുകയും ഉണ്ടായി. ആ ചിത്രവും ഞാന്‍ ഇവിടെ പങ്കുവെക്കുന്നു
ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ്,
രാഷ്ട്രീയനിലപാടുകള്‍ ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലെ പ്രദര്‍ശന വസ്തുക്കള്‍ മാത്രമല്ല,മറിച്ച് അടിയുറച്ച പ്രത്യയശാസ്ത്ര ബോധ്യങ്ങള്‍ കൂടിയാണ്.പ്രത്യയശാസ്ത്ര ബോധ്യങ്ങളുടെ കുറവാകാം മോദിജിക്കെതിരെ ശബ്ദിക്കാന്‍ നിങ്ങളില്‍ പലരും തയ്യാറാകാത്തത്. അങ്ങയെപോലെ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമ്പോള്‍ വസ്തുതകള്‍ മനസ്സിലാക്കണമായിരുന്നു. ഞങ്ങളെ അടിക്കാന്‍ ഇതാ കിട്ടിപ്പോയി വടി എന്ന് കരുതി നമ്മള് ഒരുമിച്ച് നില്ക്കുന്ന രാഷ്ട്രപതി തെരെഞ്ഞെടുപ്പ് വിഷയത്തിലെങ്കിലും ചാടരുതായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..