ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi
തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്കു വേണ്ടി നിയമമന്ത്രി പി. രാജീവാണ് ബില്‍ അവതരിപ്പിച്ചത്. അതേസമയം തട്ടിക്കൂട്ടിയ ബില്ലാണെന്ന തടസ്സവാദവുമായി പ്രതിപക്ഷം രംഗത്തെത്തി. യു.ജി.സി. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ബില്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു.
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ട് ആ സ്ഥാനത്ത് വിദ്യാഭ്യാസവിചക്ഷണരെയോ അല്ലെങ്കില്‍ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം ഉള്ളവരെയോ നിയമിക്കുക എന്നതാണ് ബില്ലിന്റെ ഉള്ളടക്കം. ചാന്‍സലര്‍സ്ഥാനത്തേക്കുള്ള നിയമനം അഞ്ചുവര്‍ഷമായിരിക്കും. എന്തെങ്കിലും സ്വഭാവദൂഷ്യ ആരോപണമോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാല്‍ ചാന്‍സലറെ സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്നതുകൂടിയാണ് പുതിയ ഭേദഗതിബില്‍. സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകള്‍ക്കും ബാധകമാവുന്നവിധത്തില് രണ്ടുനിയമനിര്മാണങ്ങളാണ് ഇന്ന് (ബുധനാഴ്ച) നിയമസഭയ്ക്കു മുന്നില്‍ വരുന്നത്.
ബില്‍ അവതരിപ്പിക്കാന്‍ മന്ത്രി പി രാജീവ് ഒരുങ്ങിയപ്പോള്‍ത്തന്നെ പ്രതിപക്ഷം തടസ്സവാദങ്ങള്‍ ഉന്നയിച്ചു. ബില്ലിലെ ചില വ്യവസ്ഥകള്‍ യു.ജി.സി. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വി.ഡി. സതീശന് ചൂണ്ടിക്കാണിച്ചു. യു.ജി.സി. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിയമനങ്ങള്‍ നടന്നതിനാലാണ് സംസ്ഥാനത്തെ ഒരു സര്‍വകലാശാല വി.സിയെ സുപ്രീം കോടതി പുറത്താക്കിയത്. അതിനാല്‍ യു.ജി.സി. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ വന്നാല്‍ അത് ഭാവിയില്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാത്രമല്ല ഇത് തട്ടിക്കൂട്ട് ബില്ലാണെന്നും ഒരുതരത്തിലും ശ്രദ്ധയോടെ ചെയ്തല്ലെന്നും സതീശന് വിമര്‍ശിച്ചു. ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനം തങ്ങള്‍ക്കുണ്ട്. എന്നാല്‍ ഈ ബില്‍ കൊണ്ടുവരുന്നത് കമ്യൂണിസ്റ്റ് വത്കരണം ലക്ഷ്യമിട്ടാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
Content Highlights: minister p rajiv introduces bill to remove governor from the post of chancellor of universities
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..