കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം ഇരുപതിനകം ലഭിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

മന്ത്രിയുടെ ഇടപെടലില്‍ കോഴിക്കോട് നല്ലളത്ത് ഡീസല്‍പ്ലാന്റിന് സമീപത്ത് നിന്ന് നാല്‍പ്പതിലധികം വാഹനങ്ങള്‍ മാറ്റി. പൊതുമരാമത്തിന് കീഴിലുള്ള സ്ഥലത്ത് കാലങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യാനും തീരുമാനമായിട്ടുണ്ട്. 

നല്ലളം ഡീസല്‍പ്ലാന്റിന് സമീപം ഒന്നര വര്‍ഷത്തോളമായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പിന്റെ  ഫോണ്‍ ഇന്‍ പരിപാടിയില്‍ വന്ന ഒരു പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കൊപ്പം നല്ലളം സന്ദര്‍ശിച്ചാണ് മന്ത്രി നടപടിയെടുക്കാന്‍ നേതൃത്വം നല്‍കിയത്. 

ഒരു പരാതി എന്നത് ഒരാളുടെ പരാതി എന്ന നിലയിലല്ല കാണുന്നത്, ഈ നാടിനെ ബാധിക്കുന്ന ഒന്നായാണത് കാണുന്നത്. റോഡരികില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അനധികൃത പരസ്യസംവിധാനങ്ങള്‍ നീക്കം ചെയ്യാനും നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു.