ന്യൂഡൽഹി: കേരളത്തിലെ റോഡ്‌ വികസനവുമായി ബന്ധപ്പെട്ട പുതിയ സാധ്യതകളെക്കുറിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‍കരിയുമായി ചർച്ച നടത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ സാധ്യതകളെക്കുറിച്ച് നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച നടത്തിയതായി അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. എം.വി ശ്രേയാംസ്‌കുമാര്‍ എം.പിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 

സംസ്ഥാനത്തെ ദേശീയപാതകളിൽ 240 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത്. ഭൂരിപക്ഷവും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്. 1233 കിലോമീറ്റർ കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. ദേശീയ പാത ആറ് വരിയാക്കാൻ വേണ്ടി കൈമാറ്റം ചെയ്തതിന് ശേഷം റോഡുകളിൽ ഒരുപാട് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കൈമാറുന്നതിന് മുമ്പ് പൊതുമരാമത്ത് വകുപ്പിന് നേരിട്ട് കുഴികൾ അടക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു. കൈമാറിയതിന് ശേഷം കുഴികൾ അടക്കണമെങ്കിൽ പൊതുമരാമത്ത് വകുപ്പിനെ സംബന്ധിച്ചിടത്തോളം എൻഎച്ച്ഐയുടെ കൃത്യമായ അനുവാദവും ഫണ്ടും വേണം. അത് ഒരുപാട് സമയമെടുക്കും. ഇക്കാര്യം കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചതായും മന്ത്രി പറഞ്ഞു. 

ഇതിന് ശാശ്വതമായ ഒരു പരിഹാരം വേണ്ടതുണ്ട്. ഇതിനായി കിലോമീറ്ററിന് ഒരു നിശ്ചിത തുക കണക്കാക്കി സംസ്ഥാനത്തെ എൻഎച്ച്എഐയ്ക്ക് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റ പണിക്ക് വകയിരുത്തണമെന്ന് കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യുമെന്ന് ഉദ്യോഗസ്ഥരോട് അപ്പോൾ തന്നെ നിർദ്ദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് കേന്ദ്രമന്ത്രി പങ്കുവെച്ചതായും മന്ത്രി പറഞ്ഞു.

Content Highlights: Minister muhammed riyas meet with nitin gadkari