കോഴിക്കോട്: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മന്ത്രി എം.എം. മണിയുടെ മറുപടി. പാവപ്പെട്ട ജനസമൂഹമുള്ള ത്രിപുരയില്‍ അട്ടിമറി സംഘടിപ്പിച്ചതില്‍ അഭിമാനം കൊള്ളുന്നത് ആണത്തമല്ലെന്നും മോദി കണ്ടിട്ടുള്ള  ഉത്തര്‍പ്രദേശും ഗുജറാത്തും മധ്യപ്രദേശുമല്ല ഇതെന്നും നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിതെന്നും എം.എം. മണി ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. 

മോദിയുടെയും കൂട്ടരുടെയും വര്‍ഗീയക്കളിയൊന്നും ഈ നാട്ടില്‍ ചെലവാകാന്‍ പോകുന്നില്ലെന്നും മോദിയുടെ കൈയിലുള്ള അധികാരം തന്നെ നഷ്ടപ്പെടാന്‍ പോവുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. മോദിയുടെ അട്ടിമറി സ്വപ്‌നം വെറുമൊരു സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നു പറഞ്ഞാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. 

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

അത് വെറുമൊരു അട്ടിമറിസ്വപ്നം

ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി കേരളത്തില്‍ വന്ന് ഒരു ഭീഷണി മുഴക്കിയിരിക്കുകയാണ്. ത്രിപുരയിലേതുപോലെ കേരളത്തിലും അട്ടിമറി സംഘടിപ്പിക്കുമെന്ന്. അദ്ദേഹത്തിന് തെറ്റി. പാവപ്പെട്ടൊരു ജനസമൂഹമുള്ള ആദിവാസി സംസ്ഥാനമായ ത്രിപുരയില്‍ അട്ടിമറി സംഘടിപ്പിച്ചതില്‍ അഭിമാനം കൊള്ളുന്നത് ആണത്തമൊന്നുമല്ല. മോഡി കണ്ടിട്ടുള്ള ഗുജറാത്തും, ഉത്തര്‍പ്രദേശും, മദ്ധ്യപ്രദേശുമൊന്നുമല്ലിത്. നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിത് - ദൈവത്തിന്റെ സ്വന്തം നാട്. മോഡിയുടെയും കൂട്ടരുടെയും വര്‍ഗ്ഗീയക്കളിയൊന്നും ഈ നാട്ടില്‍ ചെലവാകാന്‍ പോകുന്നില്ല.മറിച്ച്, ഇപ്പോള്‍ മോഡിയുടെ കൈയ്യിലുള്ള അധികാരം തന്നെ നഷ്ടപ്പെടാന്‍ പോകുകയാണ്. ഇക്കാര്യം അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കും.

മോഡിയുടെ 'അട്ടിമറിസ്വപ്നം' വെറുമൊരു സ്വപ്നം മാത്രമായി അവശേഷിക്കും.

 

Content Highlights: minister mm mani facebook post against pm modi