തിരുവനന്തപുരം: അധികാരമില്ലാത്തയാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിനാലാണ് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണാപത്രം റദ്ദാക്കിയതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഒരു ഉദ്യോഗസ്ഥന്റെ അറിവില്ലായ്മയല്ല ഇവിടെ സംഭവിച്ചത്. ഇതെല്ലാം ആസൂത്രിതമാണെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. മാതൃഭൂമി ന്യൂസ് 'ചോദ്യം ഉത്തരം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

ധാരണാപത്രം എങ്ങനെയുണ്ടായി എന്നത് അത്ഭുതകരമാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ധാരണാപത്രം. ഇതില്‍ പല സംശയങ്ങളുമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെഎസ്‌ഐഎന്‍സി എംഡി എന്‍. പ്രശാന്തും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം ഉണ്ടായേക്കാമെന്നും മന്ത്രി ആരോപിച്ചു. 

ബന്ധപ്പെട്ട സെക്രട്ടറിയുടെ അനുമതി വാങ്ങാതെ മന്ത്രി അറിയാതെ ഇത്തരമൊരു കരാരിന് പ്രശാന്തിന് എന്തിനാണ് താത്പര്യമെന്നും മന്ത്രി ചോദിച്ചു. കപ്പല്‍ നിര്‍മാണം പ്രശാന്തിന്റെ ജോലിയല്ല. പ്രശാന്ത് വഴിവിട്ട തലത്തിലേക്ക് പോയി. ഇഎംസിസി കാണിച്ചത്‌ ഫ്രോഡ് പണിയാണെന്നും മന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായതൊന്നും കെഎസ്‌ഐഡിസി എംഡി രാജമാണിക്യം ചെയ്തിട്ടില്ല. എന്നാല്‍ പ്രശാന്ത് ചെയ്തത് അങ്ങനെയല്ല. കമ്പനികള്‍ വിചാരിച്ചാല്‍ സ്വാധീനിക്കപ്പെടില്ല. ഈ സര്‍ക്കാര്‍ ഇതിനൊന്നും വഴങ്ങുന്നവരല്ല. ഇഎംസിസി കരാര്‍ നേട്ടമായി ചിത്രീകരിച്ച പിആര്‍ഡി പരസ്യം ശ്രദ്ധയില്‍പ്പെട്ടില്ല എന്നത് സര്‍ക്കാരിന്റെ വീഴ്ചയാണ്. ഈ സംഭവത്തില്‍ സര്‍ക്കാരിനുണ്ടായ ഏക വീഴ്ച ഇതുമാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. 

ഇഎംസിസി പ്രതിനിധികളുമായി അമേരിക്കയില്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. കേരളത്തിലാണ് കൂടിക്കാഴ്ച ഉണ്ടായത്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ് ആഴക്കടല്‍ മത്സ്യബന്ധനം. നയത്തിന് വിരുദ്ധമായ വിഷയത്തിലാണെങ്കിലും നിവേദനം കിട്ടിയാല്‍ കമ്പനിയുടെ വിശ്വാസ്യത അന്വേഷിക്കുന്നതാണ് നടപടി ക്രമം. ഇതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് സെക്രട്ടറി കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടാകാം. ഫയല്‍ ക്ലോസ് ചെയ്യുന്നതിലെ സ്വാഭാവിക നടപടിയാണ് ഉണ്ടായത്. ഇഎംസിസി കരാറുണ്ടാക്കിയതില്‍ സര്‍ക്കാരിന് എന്താണ് ഉത്തരവാദിത്തമെന്നും മന്ത്രി ചോദിച്ചു. 

സര്‍ക്കാര്‍ ഒരു വിവാദച്ചുഴിയിലുമല്ല. യാതൊരു പ്രതിസന്ധിയും സര്‍ക്കാര്‍ നേരിടുന്നില്ല. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയതിന്റെ അഭിമാനത്തോടെയാണ് ഈ ഗവണ്‍മെന്റ് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നത്. ഇതുസംബന്ധിച്ച വിവാദങ്ങള്‍ മാധ്യമ-പ്രതിപക്ഷ സൃഷ്ടിയാണ്. ഒന്നും പറയാനില്ലാത്ത പ്രതിപക്ഷ നേതാവ്‌ അസംബന്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. മനോനില തെറ്റുന്ന ആള്‍ക്ക് മാത്രമേ ഇങ്ങനെ പറയാന്‍ സാധിക്കുവെന്നും മന്ത്രി പറഞ്ഞു. 

content highlights: Minister Mercykutty Amma Explanation In deep sea fishing contract