മാതൃഭൂമി മുഖപ്രസംഗത്തെ അഭിനന്ദിച്ചും വിഷയത്തില്‍ ഇടപെടല്‍ ഉറപ്പുനല്‍കിയും മന്ത്രി എം.ബി. രാജേഷ് 


എം.ബി. രാജേഷ്, മാതൃഭൂമി ദിനപത്രത്തിന്റെ മുഖപ്രസംഗം| Photo: Mathrubhumi

കോഴിക്കോട്: 'ഒഴുകണം തെളിനീര്‍' എന്ന തലക്കെട്ടില്‍ നവംബര്‍ മൂന്നാം തീയതി മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെ അഭിനന്ദിച്ചും വിഷയത്തില്‍ ഊര്‍ജിതമായ ഇടപെടല്‍ ഉറപ്പുനല്‍കിയും തദ്ദേശവകുപ്പു മന്ത്രി എം.ബി. രാജേഷ്.

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയത്തിലേക്ക് വെളിച്ചം വീശുന്നതാണ് മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റോറിയലെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാനായി വിപുലമായ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് മാതൃഭൂമിയും വിഷയം സജീവമായി ചര്‍ച്ച ചെയ്യുന്നത്. ഈ പ്രശ്‌നം പരിഹരിക്കേണ്ടത് കേരളത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. അതിനായി ഊര്‍ജിതമായ ഇടപെടല്‍ സര്‍ക്കാരില്‍ നിന്നുമുണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു, മാധ്യമങ്ങളില്‍ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മന്ത്രി എം.ബി. രാജേഷന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മാതൃഭൂമി മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം

കേരളത്തിലെ പുഴകളിലും തോടുകളിലും തെളിനീരല്ല ഒഴുകുന്നതെന്ന് ശാസ്ത്രീയപരിശോധനയിലൂടെ വീണ്ടും വ്യക്തമാവുകയാണ്. 14 ജില്ലകളിലുമായി 62,398 ജലാശയങ്ങളില്‍നിന്ന് ജലസാംപിള്‍ എടുത്ത് പരിശോധിച്ചപ്പോള്‍ 78.6 ശതമാനത്തിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായി. കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളും മലപ്പുറത്തെ ഗ്രാമങ്ങളും അല്പം ഭേദമാണെങ്കിലും പൊതുവില്‍ കേരളത്തിലെ വെള്ളം മലീമസമായിക്കൊണ്ടിരിക്കുന്നെന്നാണ് ശുചിത്വകേരളം മിഷന്‍ നടത്തിയ പരിശോധനയുടെ ഫലം. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജനപങ്കാളിത്തത്തോടെ പൊതുജലാശയങ്ങളില്‍ ഒന്നാംഘട്ട വൃത്തിയാക്കല്‍ നടന്നപ്പോള്‍ 466.79 ടണ്‍ മാലിന്യമാണ് എടുത്തുമാറ്റിയത്. അതില്‍ പകുതിയോളവും ജൈവമാലിന്യമായിരുന്നു.

കിണറുകളിലെ വെള്ളം കാഴ്ചയില്‍ പരിശുദ്ധമെന്നു തോന്നിക്കുമെങ്കിലും അതിലും രോഗമുണ്ടാക്കുന്ന മാലിന്യമുണ്ടാകാന്‍ സാധ്യതയേറെയാണെന്നാണ് വിവിധ ഏജന്‍സികള്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ തെളിഞ്ഞത്. 62 ശതമാനത്തോളം ജനങ്ങളും കുടിക്കാന്‍ കിണര്‍വെള്ളത്തെ ആശ്രയിക്കുന്ന കേരളത്തില്‍ ഭൂരിഭാഗം കിണറുകളിലെയും വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ കേന്ദ്ര പരിസ്ഥിതിവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജനസാന്ദ്രതയില്‍ മാത്രമല്ല ജലസമൃദ്ധിയിലും മുന്നിലാണെങ്കിലും ജലസുരക്ഷ ഭീഷണിയിലാണെന്നാണ് ഇതെല്ലാം നല്‍കുന്ന സൂചന.

കിണറില്‍നിന്ന് ശൗചാലയത്തിലേക്കുള്ള ദൂരം 15 മീറ്ററെങ്കിലും വേണമെന്നതാണ് പഴയ നിബന്ധന. പിന്നീടത് ഏഴുമീറ്ററായി കുറച്ചു. മൂന്നുസെന്റിലും അഞ്ചുസെന്റിലുമുള്ള വീടുകള്‍ക്ക് അത്രപോലും അകലം കണ്ടെത്താനാവില്ല. ആറുവര്‍ഷം മുമ്പുതന്നെ വെളിയിടവിസര്‍ജനമുക്ത സംസ്ഥാനമായി കേരളം മാറിയിരുന്നു. എന്നാല്‍, മൂന്നറകളുള്ള സെപ്റ്റിക് ടാങ്കിനുപകരം ഒരു കുഴി മാത്രമാണ് ഭൂരിഭാഗം വീടുകളിലെയും ശൗചാലയത്തില്‍ ഉള്ളത്. വിസര്‍ജ്യാംശങ്ങളും ജൈവമാലിന്യവും കിണറിലെത്തുന്നത് ഒഴിവാക്കാന്‍ ശാസ്ത്രീയമാര്‍ഗങ്ങളാവശ്യമാണ്. ദരിദ്രവിഭാഗത്തിന് സെപ്റ്റിക് ടാങ്കുണ്ടാക്കാന്‍ സാമ്പത്തികസഹായം നല്‍കുന്ന കാര്യം പരിഗണിക്കണം. ഇ കോളിയുടെ സാന്നിധ്യംകൂടുതലുള്ള കിണറുള്ള വീടുകളില്‍ കുടിക്കാന്‍ പൈപ്പുവെള്ളം തന്നെയാകുന്നതാണ് ഉചിതം. ജലജീവന്‍മിഷനിലൂടെ എല്ലാ വീട്ടിലും ഗുണനിലവാരമുള്ള കുടിവെള്ളം നല്‍കുന്ന കേന്ദ്ര-സംസ്ഥാന പദ്ധതി വേഗം പൂര്‍ത്തീകരിക്കാനാവണം. മലിനീകരണം മാനവരാശിയോടുള്ള പൊതുകുറ്റകൃത്യമാണെന്നും പാവപ്പെട്ടവരാണ് അതിന് കൂടുതല്‍ ഇരകളാകുന്നതെന്നും അത് തടയുന്നതില്‍ സര്‍ക്കാരുകള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്നും പെരിയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ട കേസുകളില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.

മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താനാവാത്തതാണ് വലിയ തലവേദന. കേന്ദ്രീകൃത മാലിന്യപ്ലാന്റിനു പകരം ഉറവിടമാലിന്യസംസ്‌കരണ പദ്ധതികള്‍ വിഭാവനംചെയ്‌തെങ്കിലും അതും ഫലപ്രദമായിക്കഴിഞ്ഞിട്ടില്ല. സംസ്‌കരണകേന്ദ്രത്തിനെതിരേ മാത്രമല്ല സംസ്‌കരണ പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുപോകുന്നത് തങ്ങളുടെ പ്രദേശത്തുകൂടിയാവരുതെന്നുകൂടി ശഠിക്കുന്നവരുമുണ്ട്. കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിന് സംസ്ഥാനത്ത് എവിടെയും ശരിയായ സംവിധാനമില്ല. ജനവാസകേന്ദ്രങ്ങളില്‍നിന്ന് ദൂരെയുള്ള പൊതുസ്ഥലം കണ്ടെത്തി മനുഷ്യമലം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഇനിയും വൈകിക്കൂടാ. മലവും മാലിന്യവും സൃഷ്ടിക്കുന്നതില്‍ എല്ലാവര്‍ക്കും പങ്കുള്ളതുപോലെ അത് സംസ്‌കരിക്കുന്നതില്‍ സഹകരിക്കേണ്ട ഉത്തരവാദിത്വവും എല്ലാവര്‍ക്കുമുണ്ടെന്ന ബോധം ആവശ്യമാണ്. നഗരങ്ങളെയും നഗരവത്കരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഗ്രാമങ്ങളെയും ചേര്‍ത്ത് ജലസംരക്ഷണം, മാലിന്യസംസ്‌കരണം എന്നീ പദ്ധതികള്‍ക്കായി കേന്ദ്ര ധനകാര്യ കമ്മിഷന്‍ അനുവദിക്കുന്ന പണം ഇതിനായി വിനിയോഗിക്കുന്നത് ഉചിതമാവും. ശുചിത്വകേരളമിഷന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള മാലിന്യശേഖരണ-സംസ്‌കരണ യത്‌നം എല്ലാ പ്രദേശത്തും ഫലപ്രദമായി നടക്കണം. തെളിനീരൊഴുകും കേരളം പദ്ധതി വിജയിക്കേണ്ടത് കേരളത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.

Content Highlights: minister mb rajesh appreciates mathrubhumi daily editorial


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented