കുമളി: പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അമിക്കസ് ക്യൂറിക്കെതിരെ വിമര്‍ശവുമായി വൈദ്യുതിമന്ത്രി എം എം മണി. അമിക്കസ് ക്യൂറി രാഷ്ട്രീയം കളിച്ചെന്ന് മന്ത്രി ആരോപിച്ചു. മുന്‍ യു പി എ സര്‍ക്കാരിന്റെ ആളാണ് അമിക്കസ് ക്യൂറി. റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും മന്ത്രി കുമളിയില്‍ പറഞ്ഞു. 

അണക്കെട്ടുകള്‍ ഒന്നിച്ചുതുറന്നു വിടേണ്ടി വന്നതുള്‍പ്പെടെ പ്രളയം വഷളായതില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാണിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. 

കനത്തമഴയാണ് പ്രളയത്തിന്റെ പ്രധാനകാരണം. എന്നാല്‍ ആ ഘട്ടത്തില്‍ നടപ്പാക്കേണ്ട അടിയന്തരകര്‍മപദ്ധതിയില്ലാത്തത് സ്ഥിതിഗതികള്‍ വഷളാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എല്ലാ അണക്കെട്ടുകളും ഒന്നിച്ചു തുറന്നുവിട്ടത് നാശനഷ്ടവും കൂടാന്‍ കാരണമായെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പ്രളയത്തിന്റെ കാരണങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്രവിദഗ്ധ അന്വേഷണ സമിതിയെ നിയോഗിക്കണമെന്നും  റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിട്ടുള്ളത്.

content highlights: minister m m mani criticises amicus curiae on flood report