സിമിയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് ലീഗിലൂടെ ഉയര്‍ന്ന് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് എംഎല്‍എയും മന്ത്രിയുമായി ഉയര്‍ന്ന നേതാവാണ് കെ.ടി ജലീല്‍. ചരിത്രത്തില്‍ ഗവേഷണ ബിരുദം നേടിയ ജലീല്‍ തിരൂരങ്ങാടി പിഎസ്എംഒ കോളേജ് അധ്യാപകനും ഗ്രന്ഥകാരനുമാണ്. വിദ്യാര്‍ഥി കാലം മുതല്‍ വിവിധ രാഷ്ട്രീയ പന്ഥാവുകളിലൂടെ സഞ്ചരിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം.

കെ.ടി കുഞ്ഞുമുഹമ്മദിന്റെയും പാറയില്‍ നഫീസയുടെയും മകനായി തിരൂരില്‍ ജനിച്ച ജലീല്‍ കുറ്റിപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എന്നിവിടങ്ങളിലായിരുന്നു തുടര്‍ പഠനം.

എം.ഫില്‍ പൂര്‍ത്തിയാക്കിയ ശേഷം കേരള സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി എടുത്ത ജലീല്‍ നിലവില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ചരിത്രാധ്യാപകനാണ്. മുഖ്യധാര മാഗസിന്‍ എഡിറ്റര്‍, കാലിക്കറ്റ് സിന്‍ഡിക്കേറ്റംഗം, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വളാഞ്ചേരി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായ എം.പി ഫാത്തിമയാണ് ഭാര്യ. അസ്മ ബീവി, മുഹമ്മദ് ഫാറൂഖ്, സുമയ്യ ബീഗം എന്നിവരാണ് മക്കള്‍.

സിമിയില്‍നിന്ന് ലീഗിലേക്ക്

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) എന്ന തീവ്രനിലപാടുകളുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കെ.ടി. ജലീല്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തെത്തുന്നത്. 1988-ല്‍ തിരൂരങ്ങാടി പി.എസ്എം.ഒ. കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരുന്ന കാലത്ത് 'സിമി' സ്ഥാനാര്‍ഥിയായി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റു. പിറ്റേ വര്‍ഷവും യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും വീണ്ടും തോറ്റു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ 'സിമി' നേതൃത്വവുമായി ഇടയുകയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്തു. പിന്നീടാണ് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്എഫില്‍ ചേരുന്നത്.

മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. കുറ്റിപ്പുറത്തുനിന്ന് ജില്ലാ കൗണ്‍സിലിലേയ്ക്ക് വിജയിച്ചു. പിന്നീട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി. കുറ്റിപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പിന്നീട് പാര്‍ട്ടിയുടെ സ്വേച്ഛാധിപത്യ ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ലീഗില്‍നിന്ന് പുറത്ത് പുറത്തുപോവുകയും ഇടതുപക്ഷത്തിനൊപ്പം ചേരുകയുമായിരുന്നു. നേതൃത്വവുമായുള്ള തര്‍ക്കങ്ങളാണ് ഇതിലേയ്ക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.

ലീഗിനോട് തെറ്റി ഇടതുപക്ഷത്തേക്ക്

മലപ്പുറത്ത് ലീഗിനെ പിടിച്ചു കെട്ടുകയെന്ന അജണ്ടയുമായി 2006-ല്‍ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ ഇടതുപക്ഷം കുറ്റിപ്പുറത്ത് ലീഗിന്റെ അതികായന്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കാന്‍ കെ.ടി. ജലീലിനെ രംഗത്തിറക്കി. അന്ന് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി കെ.ടി. ജലീല്‍ രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനമുറപ്പിച്ചു. വിമാനം ചിഹ്നത്തില്‍ മത്സരിച്ച ജലീലിന്റെ വിജയത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് ആരോപണവും നിര്‍ണായകമായി. സി.പി.എം. അംഗമല്ലാതിരുന്നിട്ടും പാരമ്പര്യമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെപ്പോലെയാണ് ഇടതുപക്ഷം അന്ന് ജലീലിനെ നെഞ്ചിലേറ്റിയത്.

ജലീലെന്ന ഇടതു സ്വതന്ത്രന്റെ രാഷ്ട്രീയ ജീവിതം മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു. ലീഗില്‍ തന്നെ തുടരുകയാണെങ്കില്‍ ഒരു പക്ഷേ ഒരു എം.എല്‍.എ സ്ഥാനത്തിനപ്പുറം ജലീലിന് ഉയരാനാകുമായിരുന്നില്ല. എന്നാല്‍, സ്വതന്ത്രന്റെ കുപ്പായമണിഞ്ഞ് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അവസരങ്ങള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാണ് ജലീല്‍ രാഷ്ട്രീയ ജീവിതത്തില്‍ വിജയമധുരം നുണഞ്ഞത്.
 
2011-ല്‍ തിരൂര്‍ മണ്ഡലം പുനര്‍നിര്‍ണയിച്ച് തിരൂരിലെ വിവിധ പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് തവനൂര്‍ മണ്ഡലം രൂപീകരിച്ചു. പുതിയ മണ്ഡലത്തില്‍ മത്സരിക്കാന്‍ സി.പി.എം നിയോഗിച്ചത് കെ.ടി ജലീലിനെയായിരുന്നു. അങ്ങനെ ഗ്യാസ് സിലിണ്ടര്‍ ചിഹ്നത്തില്‍ മത്സരിച്ച ജലീല്‍ കോണ്‍ഗ്രസിന്റെ വി.വി പ്രകാശിനെ 6,854 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി തവനൂരിന്റെ ആദ്യ എം.എല്‍.എ. ആയി.

ഓട്ടോയില്‍നിന്ന് സ്റ്റേറ്റ് കാറിലേയ്ക്ക്

2016-ലെ തിരഞ്ഞെടുപ്പില്‍ ജലീലിന്റെ ഹാട്രിക് വിജയമായിരുന്നു തവനൂരുനിന്ന് ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ഇഫ്തിഖറുദ്ദീനെ 2011-നേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി ജലീല്‍ വിജയമാവര്‍ത്തിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിച്ച് മന്ത്രിക്കസേരയിലെത്തിയ ജലീലിന്റെ വിജയത്തെ സോഷ്യല്‍ മീഡിയ ഓട്ടോറിക്ഷയില്‍ നിന്ന് മന്ത്രിക്കാറിലേക്ക് എന്നാണ് വിശേഷിപ്പിച്ചത്.

പിണറായി വിജയന്‍ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ആണ് ജലീലിന് ലഭിച്ചത്. എന്നാല്‍ രണ്ടര വര്‍ഷത്തിനു ശേഷം ഈ വകുപ്പ് മാറ്റി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്‍കി.

ബന്ധുനിയമന വിവാദം

മന്ത്രിസ്ഥാനത്തെത്തിയ ശേഷം ജലീല്‍ ഉള്‍പ്പെട്ട ആദ്യ വിവാദം ബന്ധുനിയമന ആരോപണമായിരുന്നു. യൂത്ത് ലീഗാണ് ജലീലിനെതിരെ ബന്ധുനിയമനാരോപണം ഉയര്‍ത്തിയത്. പിതൃസഹോദര പുത്രനായ കെ.ടി അദീപ് എന്നയാളെ ഡെപ്യൂട്ടേഷന്‍ എന്ന പേരില്‍ ചട്ടങ്ങള്‍ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജരായി നിയമിച്ചുവെന്നായിരുന്നു ആരോപണം.

സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്ന് സര്‍ക്കാര്‍ ധനകാര്യ സ്ഥാപനത്തേക്ക് ഡെപ്യൂട്ടേഷന്‍ വഴി ഒരു വ്യക്തിയെ നിയമിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സ്പെഷ്യല്‍ റൂളോ മറ്റോ ഇല്ലെന്നും ഈ സ്ഥാനത്തിനാവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇയാള്‍ക്കില്ലെന്നും ആരോപണം ഉയര്‍ന്നു.

മാര്‍ക്ക് ദാന ആരോപണം

ഉന്നത വിദ്യാഭ്യാസ വകുപ്പ് ചുമതലയിലിരിക്കെ എംജി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അദാലത്ത് നടത്തി മാര്‍ക്ക് ദാനം ചെയ്തു എന്നതായിരുന്നു ഇത്തവണത്തെ ആരോപണം. കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിക്കുവേണ്ടി മന്ത്രി ജലീല്‍ ഇടപെട്ടുവെന്നാണ് ആരോപണം ഉയര്‍ന്നത്. മാനുഷിക പരിഗണന പരിഗണിച്ചാണ് വിഷയത്തില്‍ ഇടപെട്ടതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

മന്ത്രി പങ്കെടുത്ത അദാലത്ത് ക്രമവിരുദ്ധമാണെന്ന് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ദാനം നല്‍കിയ മാര്‍ക്ക് പിന്‍പലിക്കുകയും ആദ്യം ലഭിച്ച മാര്‍ക്കാക്കി തിരുത്താന്‍ സര്‍വകലാശാല പ്രത്യേക ഉത്തരവിറക്കുകയും ചെയ്തു.

മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍

തിരൂരിലെ മലയാള സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്ത നടപടിയില്‍ കോടിക്കണക്കിന് രൂപയുടെ കമ്മീഷന്‍ പറ്റുന്ന വിധത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. സെന്റിന് മൂവായിരം രൂപ മതിപ്പുവിലയുള്ള ഭൂമി ഒരു ലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് വാങ്ങിയെന്നായിരുന്നു ആരോപണം.

Content Highlights: minister kt jaleel resigns from position kt jaleel profile