ഇ.ഡി.തലകുത്തി മറിഞ്ഞിട്ട് നടന്നിട്ടില്ല,എന്നിട്ടല്ലേ കുട്ടിക്കുരങ്ങന്‍മാരായി നടക്കുന്നവര്‍- ജലീല്‍


കെ.ടി.ജലീൽ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: താനൂരിലെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ഉന്നയിച്ച ആരോപണത്തില്‍ ശക്തമായ മറുപടിയുമായി മന്ത്രി കെ.ടി.ജലീല്‍. യൂത്ത്‌ലീഗ് നേതാക്കളെപ്പോലെ പിരിച്ച് മുക്കുന്ന ഏര്‍പ്പാട് എനിക്ക് പണ്ടുമില്ല, ഇപ്പോഴുമില്ല. മരണംവരെ ഉണ്ടാവുകയുമില്ലെന്ന് ജലീല്‍ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തലകുത്തി മറിഞ്ഞിട്ട് പഴയ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറിയില്‍ കള്ളത്തരത്തിന്റെ ഒരു അണുമണിത്തൂക്കം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടല്ലേ കുഞ്ഞാപ്പയുടെ കുട്ടിക്കുരങ്ങന്‍മാരായി നടക്കുന്ന പുതിയ യൂത്ത്‌ലീഗ് നേതാക്കളെന്നും ജലീല്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് ജലീലിന്റെ മറുപടി.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം


ഇമ്മിണി വലിയ താനൂര്‍ പിരിവിന്റെ കണക്ക്!
-------------------------------------
വാട്ട്‌സ് അപ്പ് ഹര്‍ത്താലിനോടനുബന്ധിച്ച് താനൂരില്‍ ചില അമുസ്ലിം സഹോദരങ്ങളുടെ കടകള്‍ അക്രമിക്കപ്പെട്ടത് ആരും മറന്നു കാണില്ല. അത് ചൂണ്ടിക്കാണിച്ച് മലപ്പുറത്ത് സാമുദായിക ധ്രുവീകരണമുണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി ശ്രമിച്ചപ്പോള്‍ അതിനു തടയിടേണ്ടത് മലപ്പുറത്തുകാരന്‍ എന്ന നിലയില്‍ എന്റെയും സ്ഥലം എംഎല്‍എ എന്ന നിലയില്‍ വി. അബ്ദുറഹിമാന്റെയും ചുമതലയാണെന്ന് ഞങ്ങള്‍ കരുതി. അങ്ങിനെയാണ് അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ട സഹോദര സമുദായത്തിലെ വ്യാപാരി സുഹൃത്തുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്.

പ്രസ്തുത ഉദ്യമത്തിലേക്ക് എന്റെ വകയായി 25000/= രൂപ സ്വന്തമായി നല്‍കുമെന്ന് അന്നുതന്നെ ഞാന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്റെ ചില സുഹൃത്തുക്കള്‍ അവര്‍ക്ക് കഴിയും വിധമുള്ള സംഖ്യകള്‍ വാഗ്ദാനം നല്‍കിയ വിവരവും അതേ കുറിപ്പില്‍ അവരുടെ പേരും സംഖ്യയും സഹിതം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സംശയമുള്ളവര്‍ 2018 ഏപ്രില്‍ 18 ലെ എന്റെ ഫേസ്ബുക്ക് പോസ്റ്റ് നോക്കുക.
താനൂര്‍ സംഭവവുമായി ഒരാളുടെ കയ്യില്‍ നിന്നും ഒരു രൂപ പോലും ഞാന്‍ വാങ്ങുകയോ ആരെങ്കിലും എന്നെ ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ല. സ്വയമേവ വാഗ്ദത്തം നല്‍കിയ 25000/= രൂപ താനൂര്‍ എംഎല്‍എ വി. അബ്ദുറഹിമാന് ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ കൈമാറുകയാണ് ഉണ്ടായത്. ഹര്‍ത്താലില്‍ ഭാഗികമായി ആക്രമിക്കപ്പെട്ട KR ബേക്കറിക്കാര്‍, കെട്ടിട ഉടമയുമായി തുടര്‍ വാടകക്കരാറില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സ്ഥാപനം നടത്തിക്കൊണ്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു.

കെ.ആര്‍ ബാലന്‍, തനിക്ക് നഷ്ടപരിഹാരം വേണ്ടെന്ന് നേരിട്ട് എംഎല്‍എയെ അറിയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സംഖ്യ വാഗ്ദാനം നല്‍കി പണമയക്കാത്തവരോട് ഇനി സംഭാവന അയക്കേണ്ടതില്ലെന്ന് എംഎല്‍എ എന്നെ അറിയിച്ചു. അതിനിടയില്‍ എംഎല്‍എക്ക് ഞാനുള്‍പ്പടെ മൂന്നു പേര്‍ വാഗ്ദാനം നല്‍കിയ പണം അയച്ച് കൊടുത്ത് കഴിഞ്ഞിരുന്നു. ഈ സംഖ്യ വിനിയോഗിച്ചതിന്റെ കണക്ക് ഞങ്ങളെ അദ്ദേഹം ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. നാസര്‍, അക്ബര്‍ ട്രാവല്‍സ്: 50,000/= സലീം ചമ്രവട്ടം: 50,000/=, എന്റെ 25000/=, അങ്ങിനെ ആകെ ഒന്നേകാല്‍ ലക്ഷം രൂപയാണ് എംഎല്‍എ യുടെ അക്കൗണ്ടില്‍ ലഭിച്ചത്.

നാസറിന്റെ സംഭാവനയില്‍ നിന്ന് 25000/= രൂപ ടൗണിലെ കച്ചവടക്കാരന്‍ വീയാംവീട്ടില്‍ വൈശാലി ചന്ദ്രനും, 25000/= രൂപ പടക്കക്കച്ചവടക്കാരന്‍ കാട്ടിങ്ങല്‍ ചന്ദ്രനും നല്‍കി. സലീമിന്റെയും എന്റെയും സംഭാവന എന്തു ചെയ്യണം എന്ന് എംഎല്‍എ ചോദിച്ചു. തീരദേശത്തെ ഏതെങ്കിലും കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് സഹായ ധനമായി നല്‍കാന്‍ ഞങ്ങള്‍ മറുപടിയും കൊടുത്തു. അപ്പോഴാണ് അബ്ദുറഹിമാന്‍ അദ്ദേഹം മുന്‍കയ്യെടുത്ത് താനൂര്‍ പഴയ അങ്ങാടിയിലെ ജന്‍മനാ രണ്ട് കാലുകളും തളര്‍ന്ന, ആരോരുമില്ലാത്ത മാങ്ങാട്ടില്‍ വീട്ടില്‍ സഫിയക്ക് സ്ഥലം വാങ്ങി വീട് വെച്ച് കൊടുക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയത്. അതിലേക്കെടുക്കാന്‍ സന്തോഷത്തോടെ ഞങ്ങള്‍ സമ്മതിച്ചു.

സംഖ്യ വാഗ്ദാനം നല്‍കിയവരെല്ലാം ഇന്ന് ജീവിച്ചിരിപ്പുണ്ട്. അവരുടെ പേരുവിവരം എന്റെ പഴയ എഫ്ബി പോസ്റ്റില്‍ നിന്ന് ആര്‍ക്കു വേണമെങ്കിലും എടുത്ത് അന്വേഷിക്കാം. ഒരു ചില്ലിപ്പൈസയെങ്കിലും അവരാരെങ്കിലും എന്നെ നേരിട്ട് ഏല്‍പിക്കുകയോ എന്റെ എക്കൗണ്ടിലേക്ക് അയക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യം തിരക്കാം. കേന്ദ്ര കോണ്‍സ് നേതാക്കളില്‍ പലരെയും കയ്യിലിട്ട് അമ്മാനമാടിയ സാക്ഷാല്‍ ED, തലകുത്തി മറിഞ്ഞിട്ട് പഴയ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറിയില്‍ കള്ളത്തരത്തിന്റെ ഒരു അണുമണിത്തൂക്കം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടല്ലേ കുഞ്ഞാപ്പയുടെ കുട്ടിക്കുരങ്ങന്‍മാരായി നടക്കുന്ന പുതിയ യൂത്ത്‌ലീഗ് നേതാക്കള്‍!

ലീഗ് - യൂത്ത്‌ലീഗ് നേതാക്കളെപ്പോലെ പിരിച്ച് മുക്കുന്ന ഏര്‍പ്പാട് എനിക്ക് പണ്ടുമില്ല, ഇപ്പോഴുമില്ല. മരണംവരെ ഉണ്ടാവുകയുമില്ല. നല്ല കാര്യങ്ങള്‍ക്ക് സ്വയം സംഭാവന നല്‍കി പിന്നീട് മാത്രം മറ്റുള്ളവരോട് അഭ്യര്‍ത്ഥിക്കുന്ന ശീലമാണ് എന്നും എന്റേത്. യൂത്ത് ലീഗിന്റെ കത്വ - ഉന്നാവോ ബാലികമാരുടെ സഹായ ഫണ്ടിലേക്ക് സംഭാവന നല്‍കിയ, ഏതെങ്കിലുമൊരു യൂത്ത്‌ലീഗ് നേതാവിന്റെ പേര്, തെളിവ് സഹിതം പറയാനാകുമോ ലീഗിലെ 'തട്ടിപ്പു തുര്‍ക്കി'കള്‍ക്ക്?. കല്ല്കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള്മുരട് മൂര്‍ഖന്‍പാമ്പുവരെയുള്ള യുവ സിങ്കങ്ങളോട്, ഒന്നേ പറയാനുള്ളൂ; അവനവനെ അളക്കുന്ന കുന്തം കൊണ്ട് മറ്റുള്ളവരെ അളക്കാന്‍ ശ്രമിച്ചാല്‍ എട്ടിന്റെ പണി കിട്ടും. ഇത് ജെനുസ്സ് വേറെയാണ്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented