തിരുവനന്തപുരം: പ്രതിപക്ഷ യുവജന സംഘടനകളുടെ കനത്ത പ്രതിഷേധത്തിനിടെ മന്ത്രി കെ.ടി ജലീല്‍ വളാഞ്ചേരിയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി. യാത്രയിലുടനീളം കനത്ത പ്രതിഷേധമാണ് മന്ത്രിക്ക് നേരിടേണ്ടിവന്നത്.

കൊല്ലം പാരിപ്പള്ളിയില്‍ പ്രതിഷേധക്കാര്‍ വാഹനം കുറുകെയിട്ട് മന്ത്രിയുടെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചു. വാഹനവ്യൂഹത്തിലെ പോലീസ് വാഹനം പ്രതിഷേധക്കാരുടെ വാഹനത്തില്‍ ഇടിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാര്‍ മന്ത്രിയെ കരിങ്കൊടി കാണിക്കുകയും വാഹനത്തിനുനേരെ ചീമുട്ട എറിയുകയും ചെയ്തു. ഇതോടെ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. 

ആറ്റിങ്ങള്‍, മംഗലപുരം, കഴക്കൂട്ടം എന്നിവിടങ്ങളിലെല്ലാം മന്ത്രിക്കുനേരെ പ്രതിപക്ഷ സംഘടനകള്‍ കരിങ്കൊടി കാണിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളിലൂടെ യാത്ര ചെയ്യുന്നതിനിടെയും സമാനമായ പ്രതിഷേധമാണ് മന്ത്രിക്ക് നേരിടേണ്ടിവന്നത്.

രാത്രി വൈകി മന്ത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ എത്തുമ്പൊഴും വസതിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി അണിനിരന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. എന്നാല്‍ തൊട്ടുപിന്നാലെ മറ്റൊരുസംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാത്രി വൈകിയും മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

Content Highlights: Minister K T Jaleel protest Yuva Morcha Youth Congress