മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളും രൂക്ഷ വിമര്‍ശനങ്ങളുമായി മന്ത്രി കെ.ടി.ജലീല്‍. കോണ്‍ഗ്രസിലെ സംഘി ഗ്രൂപ്പിന്റെ തലൈവരായ ചെന്നിത്തല മകന് ഐഎഎസ് കിട്ടാന്‍ വഴിവിട്ട കളികള്‍ നടത്തിയെന്നും മന്ത്രി ആരോപിച്ചു.

ഐശ്വര്യ കേരള യാത്രയുടെ തവനൂര്‍ മണ്ഡലത്തിലെ സ്വീകരണത്തിനിടെ ഫെയ്‌സ്ബുക്കില്‍ പ്രതിപക്ഷ നേതാവ് തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ജലീല്‍.

സ്വന്തം മകന് ഐഎഎസ് കിട്ടാന്‍ നടത്തിയ വഴിവിട്ട കളികള്‍, ഊക്കന്‍ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോള്‍ ഐ.ആര്‍.എസില്‍ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കല്‍ കോളേജില്‍ പി.ജിക്ക് ഫീസ് കൊടുക്കാന്‍ ബാര്‍ മുതലാളിമാരില്‍ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസില്‍ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോണ്‍ഗ്രഗിലെ സംഘി ഗ്രൂപ്പിന്റെ തലൈവര്‍, അങ്ങിനെ ഒരുപാട് വിശേഷണങ്ങള്‍ക്കര്‍ഹനാണ് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല. തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്കെന്നും ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ ചോദിച്ചു.

'ബന്ധുനിയമനം, മാര്‍ക്ക് ദാനം, സര്‍വ്വകലാശാലകളിലെ സ്വജനപക്ഷപാതം, സ്വര്‍ണ്ണക്കടത്ത് ഇങ്ങനെ കറപുരണ്ട അഞ്ചു വര്‍ഷങ്ങളുടെ ട്രാക്ക് റെക്കോര്‍ഡാണ് തവനൂരിന്റെ ജനപ്രതിനിധി കെ.ടി.ജലീലിന്റേത്' ഇതായിരുന്നു ജലീലിനെ വിമര്‍ശിച്ചുകൊണ്ട് രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.