തിരുവനന്തപുരം: ശബരിമലയിലെ ആചാരവിഷയങ്ങളില്‍ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ എപ്പോഴത്തേയും നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതീ പ്രവേശനകേസ് ആദ്യം സുപ്രീം കോടതിയില്‍ വന്നപ്പോഴും ഈ നിലപാട് തന്നെയാണ് സ്വീകരിച്ചത്. 2007ല്‍ പറഞ്ഞതില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണെന്നും പുനപരിശോധനഹര്‍ജിയില്‍ പുതിയ നിലപാട് സ്വീകരിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്, ബോര്‍ഡിന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ കൈകടത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. 

സര്‍ക്കാരിന് ഒരു നിലപാട് മാത്രമേ ഉള്ളൂ. 2007ല്‍ അത് വ്യക്തമാക്കിയതാണ്. 2016ലും അത് ആവര്‍ത്തിച്ചു. നിലപാട് വ്യക്തമാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ ഇത് തന്നെ ആവര്‍ത്തിക്കും. 

ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച കാര്യമായതിനാല്‍ ഹിന്ദുമത ധര്‍മത്തില്‍ അഗാധ പാണ്ഡിത്യമുള്ള പണ്ഡിതന്മാരുള്ള ഒരു സമിതിയെ നിയോഗിച്ച് അവരുടെ അഭിപ്രായത്തെ കൂടി മാനിച്ച് ഉചിതമായ തീരുമാനം സുപ്രീം കോടതി സ്വീരിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്- മന്ത്രി വിശദീകരിച്ചു. 

ശബരിമല പുനപരിശോധന ഹര്‍ജികളിലെ നിയമപ്രശ്‌നം തീര്‍പ്പാക്കാന്‍ സുപ്രീംകോടതി ഒന്‍പതംഗ വിശാല ബെഞ്ച് രൂപീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികണം. 

യുവതിപ്രവേശം വേണ്ട എന്നാണ് സുപ്രീകോടതിയില്‍ ദേവസ്വം നല്‍കിയിരിക്കുന്ന സത്യവാങ്മൂലമെങ്കിലും പുനപരിശോധന ഹര്‍ജി വന്നപ്പോള്‍ നിലപാട് മാറ്റിയിരുന്നു. യുവതിപ്രവേശമാകാം എന്നായിരുന്നു പുനപരിശോധന ഹര്‍ജിയുടെ വാദത്തിനിടെ ദേവസ്വം ബോര്‍ഡ് പറഞ്ഞത്.

Content Highlights: Minister Kadakampally Surendran, Sabarimala women entry