തിരുവനന്തപുരം: ശബരിമലയില്‍ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് താന്‍ ഇടപെട്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വെള്ളിയാഴ്ച രണ്ട് സ്ത്രീകള്‍ പോലീസ് സുരക്ഷയില്‍ നടപ്പന്തല്‍ വരെ എത്തിയ വിഷയത്തിലാണ് കടകംപള്ളിയുടെ പ്രതികരണം. കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

ആക്ടിവിസ്റ്റായ യുവതികള്‍ മലകയറിയതുമായി ബന്ധപ്പെട്ട് ചില അന്തര്‍ധാരകള്‍ ഉണ്ടായിരുന്നു. രക്തച്ചൊരിച്ചിലുണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ബാധ്യത സര്‍ക്കാരിന് ഇല്ലെന്നും കടകംപള്ളി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകയായ കവിതയും, മലയാളിയായ രഹന ഫാത്തിമയുമാണ് മലകയറിയത്. നടപ്പന്തലിലെ ഭക്തരുടെ പ്രതിഷേധം കാരണം അവര്‍ തിരിച്ചിറങ്ങുകയായിരുന്നു. ആക്ടിവിസ്റ്റുകളില്‍ ചിലരാണ് സന്നിധാനത്ത് എത്താന്‍ ശ്രമിച്ചതെന്നും ഇവരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

പോസ്റ്റിന്റെ പൂര്‍ണരൂപം

വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാന്‍ ഇടപെട്ടത്. ശബരിമലയില്‍ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം. ആക്റ്റീവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്നും നടപന്തലില്‍ എത്തുന്നത് വരെ രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെന്നത് ചില അന്തര്‍ധാരകളുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അവര്‍ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘര്‍ഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല.