തിരുവനന്തപുരം: വര്‍ക്കല ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് ഉദ്ഘാടനവേദിയില്‍ കേന്ദ്രത്തെയും ശിവഗിരി സന്യാസിമാരെയും വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെ കേന്ദ്രം ബൈപ്പാസ് ചെയ്യുന്നത് കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിക്കുമെന്നും കടകംപള്ളി പറഞ്ഞു. 

ഐ.ടി.ഡി.സി.യെ പദ്ധതി ഏല്‍പ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനവേദിയില്‍ പറഞ്ഞു. ഇതിനുപിന്നാലെ ശിവഗിരി മഠത്തിലെ സന്യാസിമാര്‍ക്കെതിരെയും മന്ത്രി രൂക്ഷവിമര്‍ശനം നടത്തി. മഠത്തിലെ സന്യാസിമാരുടെ സങ്കുചിത രാഷ്ട്രീയ താത്പര്യം ആശാവഹമല്ലെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. 

രാവിലെ ഒമ്പത് മണിയോടെയാണ് ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ടിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചതിനുശേഷം തീര്‍ഥാടന സര്‍ക്യൂട്ടിനെ സംബന്ധിച്ച് വിശദീകരിച്ചു. പദ്ധതി കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ വേണ്ടിയാണ് ഐ.ടി.ഡി.സിയെ ഏല്‍പ്പിച്ചതെന്നും സംസ്ഥാനവുമായി സഹകരിച്ചുപോകാനാണ് കേന്ദ്രത്തിന്റെ താത്പര്യമെന്നും കണ്ണന്താനം പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി പദ്ധതിയുടെ മേല്‍നോട്ടം വഹിക്കണമെന്നും കണ്ണന്താനം പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ പ്രസംഗിച്ച സ്വാമി വിശുദ്ധാനന്ദ പദ്ധതി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പി. ദേശീയ പ്രസിഡന്റ് അമിത്ഷായെയും പ്രശംസിച്ചു. ഇതിനുശേഷമായിരുന്നു മന്ത്രി കടകംപള്ളിയുടെ ഊഴം. 

എന്നാല്‍ കടകംപള്ളിയുടെ പ്രസംഗം കഴിഞ്ഞതിനുപിന്നാലെ സ്വാമി ശാരദാനന്ദ മന്ത്രിക്ക് മറുപടി നല്‍കി. ഗൂഢനീക്കങ്ങള്‍ സന്യാസിമാരുടെ രീതിയല്ലെന്നും ശിവഗിരി മഠത്തിലെ സന്യാസിമാര്‍ക്ക് രാഷ്ട്രീയ താത്പര്യങ്ങള്‍ ഇല്ലെന്നുമായിരുന്നു സ്വാമി ശാരദാനന്ദ പ്രസംഗത്തില്‍ പറഞ്ഞു. ഇതോടെ ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ്  ആരോപണപ്രത്യാരോപണങ്ങള്‍ക്കും വേദിയാവുകയായിരുന്നു. 

Content Highlights: minister kadakampally surendran against union govt sivagiri mutt