വീഴ്ചയിൽ പരിക്കേറ്റ മന്ത്രി കെ. രാജനെ ആശുപത്രിയിലെത്തിക്കാനായി വാഹനത്തിലേക്ക് കൊണ്ടുവരുന്നു
ഒല്ലൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിര്‍മാണജോലികള്‍ വിലയിരുത്താനെത്തിയ മന്ത്രി കെ. രാജന് കോണിപ്പടിയില്‍നിന്ന് വീണ് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നിര്‍മാണം പുരോഗമിക്കുന്ന ബയോഡൈവേഴ്‌സിറ്റി കേന്ദ്രത്തിനു മുകളിലെ കോണ്‍ക്രീറ്റ് കോണിയുടെ ഏറ്റവും താഴെ ഭാഗത്തുനിന്നാണ് തെന്നിവീണത്.
മന്ത്രിയുടെ വലതുകാല്‍ മുട്ടിനാണ് പരിക്കേറ്റത്. ഉടനെത്തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ജീപ്പില്‍ക്കയറ്റി തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചു. വീഴ്ചയില്‍ തൊലി അടര്‍ന്ന സ്ഥലത്ത് രണ്ട് തുന്നലിട്ടു. പരിക്ക് സാരമുള്ളതല്ല. അല്പനേരത്തെ വിശ്രമത്തിനുശേഷം മന്ത്രി ആശുപത്രി വിട്ടു. വെള്ളിയാഴ്ചയിലെ മറ്റ് പരിപാടികള്‍ റദ്ദാക്കി. ശനിയാഴ്ചയിലെ പരിപാടികള്‍ക്ക് മാറ്റമില്ലെന്ന് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അറിയിച്ചു.
സുവോളജിക്കല്‍ പാര്‍ക്ക് ഈ വര്‍ഷംതന്നെ തുറക്കും -മന്ത്രി
ഒല്ലൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡിസംബര്‍ മാസത്തോടെ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി കെ. രാജന്‍.
അവസാനഘട്ടനിര്‍മാണം നടക്കുന്ന സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ മാസംതന്നെ നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍നിന്ന് രണ്ട് പെണ്‍കടുവകളെയാണ് ഇവിടേക്ക് ആദ്യം കൊണ്ടുവരുന്നത്.
ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ കാലയളവില്‍ തൃശ്ശൂര്‍ നഗരത്തിലെ മൃഗശാലയിലെ മുഴുവന്‍ മൃഗങ്ങളെയും ഇവിടെയെത്തിക്കും. സിംഹം, പുലി, കടുവ, സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, തുടങ്ങി 64 ഇനങ്ങളില്‍പ്പെട്ട 511 ജീവികളെയും അപൂര്‍വയിനം പക്ഷിമൃഗാദികളെയുമാണ് തൃശ്ശൂരിലെ മൃഗശാലയില്‍നിന്ന് മാറ്റുക. തിരുവനന്തപുരത്തുനിന്ന് സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത്, കഴുതപ്പുലി എന്നിവയെയും കൊണ്ടുവരും.
ഇന്ത്യയ്ക്ക് പുറത്തുനിന്നാണ് ജിറാഫ്, സീബ്ര, അനാക്കോണ്ട, രണ്ടുതരം കരടികള്‍ എന്നിവയെ കൊണ്ടുവരുന്നത്. ഇതിനുവേണ്ടിയുള്ള ഏജന്‍സികളെ കണ്ടെത്തുന്നതിനുള്ള താത്പര്യപത്രവും ഈ മാസം പുറത്തിറക്കും.
ചുരുങ്ങിയ കാലംകൊണ്ട് അതിവേഗം പൂര്‍ത്തീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മൃഗസംരക്ഷണ ഗവേഷണകേന്ദ്രംകൂടിയാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്. പ്രശസ്ത ഓസ്‌ത്രേലിയന്‍ സൂ ഡിസൈനറായ ജോണ്‍ കോ രൂപകല്പന ചെയ്ത പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലകൂടിയാണ്.
330 ഏക്കറിലെ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് സഞ്ചാരത്തിന് ഡ്രാമുകള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതിവര്‍ഷം 30 ലക്ഷം പേര്‍ പാര്‍ക്കിലെത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ജെ. വര്‍ഗീസ്, ഡയറക്ടര്‍ ആര്‍. കീര്‍ത്തി, ഡി.എഫ്.ഒ. സി.വി. രാജന്‍, സി.പി.ഡബ്ല്യു.ഡി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ശാശ്വത്‌ഗോര്‍, എ.സി.എഫ്. നിബു കിരണ്‍, പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ എന്നിവരുമുണ്ടായിരുന്നു.
Content Highlights: Minister K slipped in the zoological park. Rajan is injured
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..