തിരുവനന്തപുരം: പ്രളയക്കെടുതിയുടെ സമയത്ത് മന്ത്രി കെ. രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിക്കെതിരെ നടപടി എടുക്കണമോയെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കെ. രാജു തിങ്കളാഴ്ച എത്തുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

വിദേശയാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും കാനം വ്യക്തമാക്കി. മന്ത്രി കെ. രാജുവിനെതിരെ നടപടിയുണ്ടാകുമെന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ജര്‍മനിക്ക് പോയ കെ രാജു പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം തിരിച്ചെത്തിയതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഇത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണ്. അത് പുറത്തുപറയേണ്ട കാര്യമില്ലെന്നും കാനം വ്യക്തമാക്കി. പ്രളയക്കെടുതി നേരിടുന്നതിന് കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയായിരുന്നു കെ. രാജു

ഓഗസ്റ്റ് 16 നാണ് കേരളം ശക്തമായ മഴക്കെടുതി അനുഭവിക്കുമ്പോള്‍ മന്ത്രി ജര്‍മനിയിലേക്ക് പോയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പുറമെ 22 ന് മലയാളി സംഘടനയുടെ ഓണാഘോഷത്തില്‍ കൂടി പങ്കെടുക്കാനായിരുന്നു കെ. രാജുവിന്റെ ജര്‍മനി യാത്ര. ജര്‍മന്‍ യാത്ര വിവാദമായതിന് പിന്നാലെ മന്ത്രിയോട് തിരികെ വരാന്‍ സിപിഐ ആവശ്യപ്പെടുകയായിരുന്നു.