ആലപ്പുഴ: പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികളാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. പക്ഷിപ്പനിക്ക് കാരണമായ എച്ച5 എന്‍8 വൈറസിന് ജനിതകമാറ്റം സംഭവിച്ച് അത് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത കൈവെടിയരുതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

"എച്ച്5 എന്‍8 എന്ന വൈറസ് മനുഷ്യരിലേക്ക് പടര്‍ന്ന ചരിത്രമില്ല. എന്നാല്‍ വൈറസിന് എപ്പോള്‍ വേണമെങ്കിലും ജനിതക മാറ്റമുണ്ടാവാം. മനുഷ്യരിലേക്ക് പടരുന്ന വൈറസാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ജാഗ്രത പാലിക്കണം. പ്രഭവ കേന്ദ്രത്തിലെ 400 ലധികം വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെ നാലു പേര്‍ക്ക് പനിയുള്ളതായി കണ്ടെത്തി". എന്നാല്‍ പനി വന്നവര്‍ക്ക് പക്ഷിപ്പനിയുമായി ബന്ധമില്ല. അതിനാല്‍ ആശങ്കപ്പെടേണ്ടതില്ല-, പക്ഷെ ജാഗ്രതവേണമെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

പത്ത് ദിവസം കൂടി നിരീക്ഷണം തുടരണം. കൊന്നൊടുക്കുന്നത് രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാവും. ഈ ദിവസങ്ങളില്‍ പത്ത് കിലോമീറ്റര്‍ പ്രദേശം നിരീക്ഷണത്തിലാവും. കോഴി ഫാം, താറാവു ഫാം ഇറച്ചി വില്‍പന എന്നിവ ഈ പ്രദേശങ്ങളില്‍ അനുവദിക്കുന്നതല്ലെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ പ്രഭവ കേന്ദ്രത്തിനു പുറമെയുള്ള പ്രദേശങ്ങളില്‍ രോഗ ലക്ഷണങ്ങളോടു കൂടി പക്ഷികള്‍ ചാവുകയാണെങ്കില്‍ സാമ്പിളെടുത്ത് പരിശോധിക്കാനും അതിന്‍മേല്‍ നടപടികള്‍ സ്വീകരിക്കാനും ജില്ലാ മൃഗസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കര്‍ഷകര്‍ക്കുണ്ടായ നഷ്ടം കൃത്യമായി കണക്കാക്കാനും ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ട് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള ഒരു പക്ഷിക്ക് 200 രൂപ വെച്ച് കര്‍ഷകന് നഷ്ടപരിഹാരം നല്‍കാനും തീരുമാനമായിട്ടുണ്ട്. രണ്ട് മാസം വരെ പ്രായമുള്ള പക്ഷി ഒരെണ്ണത്തിന് നൂറ് രൂപ നഷ്ടപരിഹാരം നല്‍കും. 5 രൂപ ഒരു മുട്ടയ്ക്ക നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. ഇത് കര്‍ഷകര്‍ക്ക് കഴിയുന്നത്ര വേഗം നല്‍കും. 
 
പക്ഷിപ്പനിയുടെ ഭാഗമായി ആലപ്പുഴയില്‍ 42960 പക്ഷികളെ കൊന്നു. ആലപ്പുഴയില്‍ പക്ഷിപ്പനിയെത്തുടര്‍ന്ന് 23857 പക്ഷികള്‍ നേരത്തെ ചത്തിട്ടുണ്ട്. കൊന്നതും ചത്തതും കൂടിയായി ആകെ 61513 എണ്ണമാണ് ആലപ്പുഴ ജില്ലയിലുള്ളത്. കോട്ടയം ജില്ലയില്‍ 7729 പക്ഷികളെ കൊന്നു. ആലപ്പുഴയില്‍ താറാവിനെ മാത്രമാണ് കൊന്നത്. എന്നാല്‍ പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വീടുളിലെ പക്ഷികളെയും വരും ദിവസം കൊന്നൊടുക്കും. കൊന്നോടുക്കിയ പ്രദേശം നാളെ സാനിറ്റൈസ് ചെയ്യും..

ചില മേഖലകളില്‍ കൊക്ക്, മറ്റ് പക്ഷികള്‍ എന്നിവ ചത്തു വീഴുന്നു എന്ന പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തും. ഏതെങ്കിലും പക്ഷികള്‍ ചത്ത് വീഴുന്നുണ്ടെന്ന് പരിശോധിക്കാനും സാമ്പിള്‍ സേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രതിരോധത്തിന് 19 ദ്രുത പ്രതികരണ സംഘങ്ങളെ നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു. 

"ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരുള്ള 19 ദ്രുത പ്രതികരണ സംഘങ്ങളെയാണ് പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ നിയോഗിച്ചത്. പിപിഇ കിറ്റടക്കം പ്രതിരോധ സംവിധാനങ്ങളും അവര്‍ക്ക് നല്‍കും. പ്രഭവ കേന്ദ്രത്തിനു ചുറ്റും ഒരു കലോമീറ്റര്‍ പ്രദേശത്തെ പക്ഷികളെ കൊല്ലണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊന്ന് കൂട്ടിയിട്ട് കത്തിക്കണം. കത്തിക്കാൻ എത്ര വിറക് എന്ന മാര്‍ഗഗനിര്‍ദേശം നല്‍കിയിട്ടുണ്ട്", മന്ത്രി പറഞ്ഞു

content highlights: Minister K raju On bird flu and its mutation chance in Kerala