-
തിരുവനന്തപുരം: കാട്ടുപന്നിയെ വെര്‍മിന്‍ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാൻ കേന്ദ്ര അനുമതി തേടാന്‍ ഉത്തരവായതായി വനം മന്ത്രി കെ രാജു. കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അവയെ വെര്‍മിന്‍ ആയി പ്രഖ്യാപിച്ച് കൂട്ടത്തോടെ നശിപ്പിക്കാന്‍ വേണ്ട അനുമതിയാണ് കേന്ദ്രസർക്കാരിൽ നിന്ന് ആവശ്യപ്പെടുക.
വെര്‍മിന്‍ ആയി പ്രഖ്യാപിക്കപ്പെട്ടാല്‍ നാട്ടില്‍ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ വനം വകുപ്പിന് സാധിക്കും. അതിനായി കേന്ദ്രാനുമതി തേടുന്നതിന് നേരത്തെ നിര്‍ദേശം നല്‍കിയെങ്കിലും അതിന് ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. സംസ്ഥാനം മൊത്തമായും അങ്ങനെ അനുമതി ലഭിക്കില്ല. അത്തരം മേഖലകള്‍, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ ആവൃത്തി തുടങ്ങി വിശദ വിവരങ്ങള്‍ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ അനുമതി ലഭിക്കും. ഇപ്പോള്‍ അതെല്ലാം ശരിയാക്കി കേന്ദ്രത്തിന് അയക്കാന്‍ ഉത്തരവ് നല്‍കി. കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടു പന്നി ആക്രമണം പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്നും മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സംസ്ഥാനത്തെ വനമേഖലക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ വളരെ കര്‍ക്കശമായതിനാല്‍ വലിയ തോതില്‍ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാന്‍ വനം വകുപ്പിന് ആയിരുന്നില്ല. എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവ് കാണാത്തതിനാലാണ് അവയെ വെര്‍മിന്‍ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. തുടര്‍ന്നാണ് ഇതിനായി സംസ്ഥാനം കേന്ദ്രത്തിന്റെ അനുമതി തേടാനായി തയാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാട്ടുപന്നിയെ വെർമിൻ ആക്കാൻ കേന്ദ്ര അനുമതി തേടാൻ ഉത്തരവായി. കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ വെർമിൻ ആയി...
Posted by Forest Minister Kerala on Wednesday, 21 October 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..