കെ. രാജൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ഔദ്യോഗിക വസതി 23 ലക്ഷം രൂപ ചെലവഴിച്ച് മോടി പിടിപ്പിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജന്. കന്റോണ്‍മെന്റ് ഹൗസ് വളപ്പിലുള്ള ഗ്രേസ് കോട്ടേജാണ് മന്ത്രിക്കായി അനുവദിച്ചത്. ഇത് മോടി പിടിപ്പിക്കാന്‍ 23 ലക്ഷത്തിന്റെ ടെന്‍ഡറാണ് ടൂറിസം വകുപ്പ് തയ്യാറാക്കിയത്. ഇതാണ് മന്ത്രി നിരസിച്ചത്. ലക്ഷങ്ങള്‍ മുടക്കിയുള്ള മോടി പിടിപ്പിക്കല്‍ വേണ്ട അത്യാവശ്യം ജോലികള്‍ മാത്രം തീര്‍ത്താല്‍ മതിയെന്നാണ് മന്ത്രിയുടെ നിര്‍ദേശം.
കഴിഞ്ഞ മന്ത്രിസഭയിലെ സി.പി.ഐയുടെ തന്നെ പ്രതിനിധിയായ വി.എസ് സുനില്‍ കുമാറും ഇവിടെയാണ് താമസിച്ചിരുന്നത്. ഇതിന്റെ മോടി കൂട്ടാനാണ് ടൂറിസം വകുപ്പ് 23 ലക്ഷത്തിനാണ് ടെന്‍ഡര്‍ തയാറാക്കിയത്. പൊതുമരാമത്ത് ബില്‍ഡിംങ് വിഭാഗമാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. എന്നാല്‍ ഇത്രയും തുക ചെലവഴിക്കേണ്ട എന്ന നിലപാടിലാണ് മന്ത്രി. മുമ്പ് ഉപയോഗിച്ചിരുന്ന വിരിപ്പുകള്‍ മാറ്റുക, ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുക, പ്ലംബിങ് വര്‍ക്കുകള്‍ എന്നിവയുള്‍പ്പെടെ 15,000 രൂപയില്‍ ഒതുങ്ങുന്ന പണികള്‍ മതിയെന്നാണ് മന്ത്രിയുടെ നിര്‍ദേശം.
സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോള്‍ ആവര്‍ത്തിക്കപ്പെടുന്ന ഒന്നാണ് മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ മോടി പിടിപ്പിക്കല്‍. ഇതിനായി ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍ അത് നിരസിച്ചുകൊണ്ടാണ് മന്ത്രി കെ.രാജന് വ്യത്യസ്തനാകുന്നത്. നിലവില്‍ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണി തീരാത്ത സാഹചര്യത്തില്‍ മന്ത്രി ഇപ്പോഴും എംഎല്‍എ ഹോസ്റ്റലിലാണ് താമസിക്കുന്നത്.
നേരത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, ഗണ്മാന്, വനിതാ ജീവനക്കാര്‍, വീട്ടുജോലിക്കാര്‍, അറ്റന്‍ഡന്റ് എന്നിവര്‍ക്കുള്ള വിശ്രമമുറികള്‍ നവീകരിക്കാന്‍ പൊതുമരാമത്തു വകുപ്പ് 98 ലക്ഷം അനുവദിച്ചിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. അറ്റകുറ്റപ്പണികള്‍ അടക്കമുള്ള നിര്‍മാണജോലികള്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗമാണ് നിര്‍വഹിക്കുക. മറ്റു മന്ത്രിമാരുടെ വസതികളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ട്.
Content Highlights: Minister K Rajan rejects beautification works of official residence worth Rs 23 lakh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..