കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ വീട്ടിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി എത്തിയപ്പോൾ, മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി സംസാരിക്കുന്ന തോമസിന്റെ മകൾ സോന
പുതുശ്ശേരി: കടുവയുടെ ആക്രമണത്തിൽ മരിച്ച പുതുശ്ശേരിയിലെ പള്ളിപ്പുറത്ത് തോമസി (സാലു) ന്റെ വീട്ടിലെത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ മുന്നിൽ സങ്കടത്തിന്റെ കെട്ടഴിച്ച് മകൾ സോന. വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെ ദുരവസ്ഥയാണ് സോന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
‘അവിടെ നല്ല ഡോക്ടറോ നഴ്സോ ഒന്നുമുണ്ടായിരുന്നില്ല. ആംബുലൻസ്പോലും കിട്ടിയില്ല. മെഡിക്കൽ കോളേജ് എന്ന ബോർഡ് വെച്ചതല്ലാതെ അവിടെ മറ്റെന്തുണ്ട്? എന്റെ ചാച്ചനോ പോയി...ഇനി ആർക്കും ഈ ഗതി വരരുത് സാർ’- തൊഴുകൈയോടെ കരഞ്ഞു കൊണ്ടാണ് സോന മന്ത്രിയുമായി സംസാരിച്ചത്.
ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതികൾ മുഖ്യമന്ത്രിയുടെയും വനം മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി സമയബന്ധിതമായി പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്. തോമസിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയായ പത്തു ലക്ഷം രൂപ മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ രമ്യാ രാഘവൻ തോമസിന്റെ ഭാര്യ സിനി തോമസിന് കൈമാറി.
ഒ.ആർ. കേളു എം.എൽ.എ, തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി, വൈസ് പ്രസിഡന്റ് എ.കെ. ശങ്കരൻ, ഗ്രാമപ്പഞ്ചായത്തംഗം സിനി തോമസ്, ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളൻമട തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ വീടിനുസമീപത്തെ തോട്ടത്തിൽവെച്ചാണ് തോമസിനെ കടുവ ആക്രമിച്ചത്. വലതുകാലിന്റെ തുടയിൽ സാരമായി പരിക്കേറ്റ തോമസിനെ കാർഡിയോ വാസ്കുലാർ സർജൻ ഇല്ലാത്തതിനാൽ വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു.
കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതത്തെത്തുടർന്ന് കല്പറ്റ ജനറൽ ആശുപത്രിയിലും കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജ് ആശുപത്രിയായി ഉയർത്തിയിട്ട് രണ്ടുവർഷം പിന്നിട്ടെങ്കിലും വേണ്ട സൗകര്യങ്ങൾ ഇവിടെയില്ലെന്ന ആക്ഷേപം പരക്കെയുണ്ട്.
പിലാക്കാവിൽ കടുവയെ പിടിക്കാൻ കൂടുവെച്ചു
മാനന്തവാടി: കടുവയുടെ സാന്നിധ്യമുണ്ടായ പിലാക്കാവ് മണിയൻകുന്നിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ശനിയാഴ്ച മണിയൻകുന്നിലെ നടുത്തൊട്ടിയിൽ ദിവാകരന്റെ രണ്ടുവയസ്സ് പ്രായമുള്ള പശുവിനെ കടുവ കൊന്നിരുന്നു.
കൂടുവെക്കണമെന്ന ആവശ്യവുമായി ജനം പ്രതിഷേധവുമായി എത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം പശുവിന്റെ ജഡം സ്ഥലത്തുതന്നെ ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെ ചെറിയൊരുഭാഗം ശനിയാഴ്ച രാത്രി കടുവയെത്തി തിന്നിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ സമീപപ്രദേശങ്ങളിൽ കടുവയെ കണ്ടതായി പറയുന്നു.
പശുവിനെ ആക്രമിച്ച സ്ഥലം ചതുപ്പായതിനാൽ ഇവിടെനിന്നും 50 മീറ്റർ മാറി റോഡരികിലാണ് കൂട് സ്ഥാപിച്ചത്. കൂട്ടിൽ പശുവിന്റെ ജഡം തന്നെയാണ് ഇട്ടിട്ടുള്ളത്. മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി, ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരംസമിതിയധ്യക്ഷരായ ടി.എ. പാത്തുമ്മ, വിപിൻ വേണുഗോപാൽ, കൗൺസിലർമാരായ കെ.എം. അബ്ദുൾ അസിഫ്, ഉഷാ കേളു, സീമന്തിനി സുരേഷ്, വി.ആർ. പ്രവീജ്, നോർത്ത് വയനാട് ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡി.എഫ്.ഒ. എ. ഷജ്ന, റെയ്ഞ്ച് ഓഫീസർമാരായ പി. ആഷിഫ്, കെ. രാകേഷ്, ഡെപ്യൂട്ടി തഹസിൽദാർ പി.യു. സിതാര, ഡെപ്യൂട്ടി റെയ്ഞ്ചർമാരായ ജയേഷ് ജോസഫ്, കെ. അനന്തൻ, മാനന്തവാടി ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീം എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.
പുളിയാർമലയിൽ പുലി; വനംവകുപ്പ് പരിശോധന നടത്തി
കല്പറ്റ: പുളിയാർമല ഗവ. ഐ.ടി.ഐ.യിൽ പുലിയെ കണ്ടതായി നാട്ടുകാർ. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ ലോറിഡ്രൈവറാണ് പുലി മണിയങ്കോട്-പുളിയാർമല റോഡ് മുറിച്ചുകടന്നുപോയതായി കണ്ടത്. തുടർന്ന് പ്രദേശവാസികളെ വിവരമറിയിച്ചു. വാടോത്ത് ഭാഗത്തേക്കാണ് പുലിപോയതെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനുള്ള സൂചനകളൊന്നും കിട്ടിയില്ല.
കാൽപ്പാടുകളൊന്നും കിട്ടിയില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞമാസവും പുളിയാർമല റോഡിൽ പുലിയെ കണ്ടിരുന്നു. അന്നും പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
Content Highlights: minister k krishnankutty visit thomas home who died tiger attack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..