തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആയുഷ്മാന്‍ പദ്ധതിയില്‍ കേരളം അംഗമാണ്. കേരളത്തിന് പദ്ധതിയുടെ ആദ്യ വിഹിതവും അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി അതുപോലെ കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയുമായിരുന്നില്ല. ബഹുഭൂരിപക്ഷം ജനങ്ങളും ഈ പദ്ധതിയില്‍ നിന്നും പുറത്താകുന്ന സാഹചര്യത്തില്‍, കേരളത്തിലെ നിലവിലുള്ള എല്ലാ ഇന്‍ഷുറന്‍സ് പദ്ധതികളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്.പി.) എന്ന പേരില്‍ ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

2018 നവംബര്‍ രണ്ടിന് എം.ഒ.യു. ഒപ്പിട്ട് പദ്ധതിയുടെ പ്രയോജനം കേരളത്തിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിച്ചിരുന്നു. ചികിത്സാകാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് അഞ്ചാം തീയതി മുഖ്യമന്ത്രി നിര്‍വഹിക്കുകയും ചെയ്തു. 1.46 ലക്ഷം പേര്‍ക്ക് ഈ പദ്ധതിയിലൂടെ ചികിത്സ നടത്തുകയും 17 ലക്ഷം പേരെ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 60 കോടി രൂപയുടെ ചികിത്സയാണ് നല്‍കിയത്. ഈ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം പുരോഗതി നേടിയതും കേരളമാണെന്നും മന്ത്രി വ്യക്തമാക്കി. 

ആര്‍.എസ്.ബി.വൈ.യില്‍ ഉള്‍പ്പെട്ടിട്ടുള്ള 21.5 ലക്ഷം കുടുംബങ്ങളും കൂടാതെ ചിസ് പദ്ധതി പ്രകാരം 19.5 ലക്ഷം കുടുംബങ്ങളും ഉള്‍പ്പെടെ 41 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേരളത്തില്‍ ഇന്‍ഷുറന്‍സ് സംരക്ഷണം നേരത്തെ ലഭിച്ചിരുന്നത്. ഏറ്റവും അവസാനം പുറത്തിറങ്ങിയ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വളരെ പാവപ്പെട്ടവരെ കണക്കാക്കിയാണ് ആയുഷ്മാന്‍ ഭാരതില്‍ ഉപഭോക്താക്കളെ നിശ്ചയിക്കുന്നതെന്നാണ് അറിയിച്ചിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ ആയുഷ്മാന്‍ പദ്ധതിയിലൂടെ കേരളത്തില്‍ നിന്നും 18.5 ലക്ഷം കുടുംബങ്ങളാണ് 2011ലെ സെന്‍സസ് മാനദണ്ഡമാക്കിയാല്‍ പരമാവധി ഉള്‍പ്പെടുന്നത്. അതായത് 22 ലക്ഷത്തോളം പേര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നും പുറത്താകും. ഈ സാഹചര്യത്തെ മറികടക്കാനാണ് സര്‍ക്കാര്‍ പരിശ്രമിച്ചത്. 

ആരോഗ്യരംഗത്ത് കേരളം മികച്ച പ്രവര്‍ത്തനം നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രസ്താവന ഉണ്ടായത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും കാര്യങ്ങള്‍ അറിയുമ്പോള്‍ പ്രധാനമന്ത്രി പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു.

ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ അനുമോദന സമ്മേളനത്തില്‍ സംസാരിക്കവെയാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കിയിലെന്ന് പ്രസ്താവിച്ചത്. പാവങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതി കേരള സര്‍ക്കാര്‍ നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Content Highlights: minister k k shylaja, prime minister Narendra Modi, ayushman medical scheme