തിരുവനന്തപുരം: ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി വീല്‍ചെയറില്‍ ജീവിതം തള്ളി നീക്കുന്ന ഗായികയായ സൗമ്യ പുരുഷോത്തമന്റെ വീട്ടിലേക്ക് ഒടുവില്‍ കുടിവെള്ളമെത്തി. ഒരു വര്‍ഷമായി പ്രാഥമികാവശ്യത്തിനു പോലും വെള്ളം ഇല്ലാതെ നരകജീവിതം നയിക്കുകയായിരുന്ന സൗമ്യയ്ക്ക് ജലവിഭവ വകുപ്പ് മന്ത്രി മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലെത്തി പരാതി ബോധിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് കുടിവെള്ള കണക്ഷന്‍ ലഭിച്ചത്. വെള്ളം കിട്ടിയശേഷം വീട്ടിലെത്തുമെന്ന വാഗ്ദാനവും മന്ത്രി പാലിച്ചു. 

തിരുവനന്തപുരം പേരൂര്‍ക്കട അഭയനഗര്‍ 137 ല്‍ മൂക്കാല്‍ സെന്റ് പുരയിടത്തിലാണ് സൗമ്യയും കുടുംബവും താമസിക്കുന്നത്. സൗമ്യ 60 ശതമാനം വികലാംഗയാണ്. വൃദ്ധരായ അച്ഛനും അമ്മയും രോഗബാധിതരായതോടെ കുടിവെള്ളം ചുമന്ന് എത്തിക്കാന്‍ പോലും ബുദ്ധിമുട്ടായ സാഹചര്യമായിരുന്നു.

സൗമ്യയ്ക്ക് അടുത്തിടെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തി. ഇതോടെ ജീവിതം പൂര്‍ണമായും വീല്‍ചെയറിലേക്ക് മാറി. കോഴിക്കോട് ഒരു വര്‍ഷത്തോളം നീണ്ട ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ വീട്ടിലേക്കുള്ള വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. അന്നു മുതല്‍ കണക്ഷന്‍ ലഭിക്കാന്‍ മുട്ടാത്ത വാതിലുകളില്ല. ചില സാങ്കേതിക തടസ്സങ്ങള്‍ മൂലമാണ് വാട്ടര്‍ അതോറിറ്റിക്ക് ഇവിടേക്ക് കണക്ഷന്‍ നല്‍കാന്‍ സാധിക്കാതിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

വെള്ളം ലഭിക്കാതായതോടെ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ബുദ്ധിമുട്ടായി. ശുചിമുറിയില്‍ വെള്ളം ഇല്ലാത്തതിനാല്‍ ഉപയോഗം കുറയ്ക്കാന്‍ ഭക്ഷണവും വെള്ളവും പേരിനു മാത്രമാക്കിയിരുന്നുവെന്ന് സൗമ്യ പറയുന്നു. 

പരാതി ലഭിച്ചതോടെ സാങ്കേതിക തടസ്സങ്ങള്‍ നീക്കി കുടിവെള്ള കണക്ഷന്‍ അടിയന്തരമായി നല്‍കാന്‍ മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ അധികൃതര്‍ കണക്ഷന്‍ നല്‍കി. കഴിഞ്ഞ ദിവസം സ്ഥലം എംഎല്‍എ വി.കെ. പ്രശാന്തിനൊപ്പം മന്ത്രി സൗമ്യയുടെ വീട്ടിലെത്തി. ഗായികയായ സൗമ്യ പാട്ടുപാടിയാണ് മന്ത്രിയെയും എംഎല്‍എയും വരവേറ്റത്.