തിരുവനന്തപുരം: കാട്ടാനയെ ഭയന്ന് ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്തിലെ 301 കോളനിയില്‍ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്ക്കും ഓട്ടിസം ബാധിച്ച മകന്‍ സനലിനും ഇനി പുതുജീവിതം. വിമലയുടെയും മകന്റെയും ജീവിത ദൈന്യത നേരത്തെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. താമസിക്കുന്ന വീട് കാട്ടാന നശിപ്പിച്ചതിനെ തുടര്‍ന്ന് ആനയെ ഭയന്ന് ഉയര്‍ന്നു നില്‍ക്കുന്ന പാറയ്ക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുള്ള ഷെഡുണ്ടാക്കിയായിരുന്നു വിമലയും സനലും കഴിഞ്ഞിരുന്നത്. 

മകന്റെ ചികില്‍സയും മുടങ്ങിയിരുന്നു. വൃക്കരോഗിയായതിനാലും മകനെ സംരക്ഷിക്കേണ്ടതിനാലും ജോലിക്ക് പോകാനും വിമലയ്ക്ക് സാധിച്ചിരുന്നില്ല. വാര്‍ത്ത ശ്രദ്ധിച്ച തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ വിമലക്ക് സ്ഥലവും വീടും സമയബന്ധിതമായി നല്‍കുന്നതിന് ഇടപെടുകയായിരുന്നു. 

മന്ത്രിയുടെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം പി അജിത് കുമാര്‍ പാറമുകളിലുള്ള വിമലയുടെ വീട് സന്ദര്‍ശിച്ചു. കാളി എന്ന വാച്ചറുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് വിമലയെയും മകനെയും താല്‍ക്കാലികമായി മാറ്റി താമസിപ്പിച്ച്, പുതിയ കട്ടിലും കിടക്കയും പുതിയ വസ്ത്രങ്ങളും വാങ്ങി നല്‍കി. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിമലക്ക് വീട് ലഭ്യമാക്കാനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

2001ല്‍ വിമലക്ക് പട്ടയഭൂമി ലഭിച്ചിരുന്നുവെങ്കിലും കാട്ടാനശല്യം രൂക്ഷമായതിനാലും ഒറ്റപ്പെട്ട സ്ഥലത്തായതിനാലും അവിടെ താമസിക്കാനായില്ല. മുമ്പുണ്ടായിരുന്ന വീട് കാട്ടാന തകര്‍ത്തതിനെ തുടര്‍ന്നാണ് ഓട്ടിസം ബാധിച്ച മകനുമായി വിമല പാറപ്പുറത്ത് അഭയം തേടിയത്. രോഗാവസ്ഥയിലുള്ള മകന് ചികില്‍സ ഉറപ്പാക്കുന്ന തരത്തില്‍ കൂടി സംരക്ഷണം ഉറപ്പുവരുത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.