തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയില്‍നിന്ന് രാജിവെച്ചു. നിയമനം സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ തന്നെയും ഭര്‍ത്താവിനെയും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ രാജി പ്രഖ്യാപിച്ചത്. കേരള സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് ജൂബിലി നവപ്രഭ രാജിവെച്ചത്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തനിക്കും ഭര്‍ത്താവായ മന്ത്രി ജി സുധാകരനും ഇത് വലിയ കളങ്കമാണുണ്ടാക്കിയിരിക്കുന്നതെന്നും ജൂബിലി നവപ്രഭ വ്യക്തമാക്കി. ആത്മാഭിമാനം നഷ്ടപ്പെടുത്താന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി. കേരളാ സര്‍വകലാശാലയില്‍ തനിക്കെതിരെ ഒരുകൂട്ടം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.

പത്രപരസ്യം കണ്ടാണ് അപേക്ഷ അയച്ചത്. മന്ത്രി സുധാകരന് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. തനിക്കൊപ്പം നിരവധി പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. തനിക്കുവേണ്ടി സൃഷ്ടിച്ചതാണ് ഈ തസ്തിക എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു. മതിയായ യോഗ്യത ഉണ്ടായിരുന്നതുകൊണ്ടാണ്  തനിക്ക് ഈ സ്ഥാനം ലഭിച്ചതെന്നും അവര്‍ വ്യക്തമാക്കി.

 കോളേജ് അധ്യാപികയായി വിരമിച്ച ശേഷമാണ് ജൂബിലി നവപ്രഭയെ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരുന്നു ഈ തസ്തികയില്‍ നിയമനം ലഭിച്ചത്. ഇത് വിവാദമായിരുന്നു. 

ഇതിനു പിന്നാലെ ഈ തസ്തികയില്‍ ഇവരെ സ്ഥിരപ്പെടുത്തുന്നതിന് സര്‍വകലാശാലാചട്ടങ്ങള്‍ ഭേദഗതിചെയ്യാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചതും വിവാദത്തിനിടയാക്കിയിരുന്നു. നിയമനത്തിനെതിരെ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി കണ്‍വീനര്‍ ആര്‍.എസ്.ശശികുമാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിനു പരാതി നല്‍കിയിരുന്നു.