പാലാരിവട്ടം പാലം പൊളിക്കുന്നു| മന്ത്രി ജി.സുധാകരൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിക്കുന്നതിനു മുന്നോടിയായി പൂജ നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്‍. കരാറുകാരാണ് പൂജ നടത്തിയതെന്നും സര്‍ക്കാരിന് അതില്‍ പങ്കില്ലെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കി. കമ്യൂണിസ്റ്റുകാര്‍ വിശ്വാസങ്ങള്‍ക്കെതിരല്ലെന്നും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സംരക്ഷണമേകുന്നവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രവൃത്തി കരാറുകാരേറ്റെടുത്താല്‍ ആ സൈറ്റ് നിര്‍മാണം പൂര്‍ത്തീകരിച്ച് നാടിന് കൈമാറുന്നതു വരെ അവരുടേതാണ്. അവിടെ കരാറുകാര്‍ക്കും തൊഴിലാളികള്‍ക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് പൂജയോ മറ്റ് മതാനുഷ്ഠാനങ്ങളോ നടതുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കേണ്ട കാര്യമെന്താണ്. കരാറുകാരായ ഡിഎംആര്‍സിയുടെ തലവന്‍ ഇ. ശ്രീധരന്‍ സര്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണെന്നാണ് മനസ്സിലാക്കുന്നത്. അവര്‍ സഹായം തേടിയിട്ടുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വാഗ്ഭടാനന്ദന്‍ സ്ഥാപിച്ചതും കേരളത്തിലെ ഏറ്റവും പ്രസിദ്ധമായതുമായ നിര്‍മ്മാണ മേഖലയിലെ സഹകരണ സ്ഥാപനമാണല്ലൊ. അവരിലും വിശ്വാസികളുണ്ടായിരിക്കാം.
കരാറുകാരും തൊഴിലാളികളും ഭൂമി പൂജ നടത്തുന്നത് സര്‍വ്വ സാധാരണമാണ്. ഇതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ഏവര്‍ക്കും അറിവുള്ളതുമാണ്. ഇത് തടയാന്‍ രാജ്യത്ത് നിയമ വ്യവസ്ഥയുമില്ല. പൂജ എസ്റ്റിമേറ്റിലില്ല, അതിനാല്‍ തന്നെ പൂജ നടന്നത് സര്‍ക്കാര്‍ ചിലവിലുമല്ല. ഏതാനും ചില തത്പരകക്ഷികള്‍ മാത്രമാണ് പല രൂപത്തിലും ഭാവത്തിലും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്.
മാര്‍ക്‌സിസവും ലെനിനിസവും പാര്‍ട്ടി നയരേഖകളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും സത്യം മനസ്സിലാവും. രാഷ്ട്രീയ വിരോധം വച്ചു പുലര്‍ത്തി ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരങ്ങള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം
പാലാരിവട്ടം പാലം പൊളിക്കല്‍ തുടരുന്നു..
ഇന്നലെ രാവിലെ 8.30 നാണ് പ്രവൃത്തികള്‍ ആരംഭിച്ചത്. പാലത്തിലെ ടാറിംഗ് നീക്കുന്ന ജോലിയാണ് ആദ്യം ആരംഭിച്ചത്. പകലും രാത്രിയുമായി തുടരുന്ന പ്രക്രിയയില്‍ നിലവില്‍ 80 തൊഴിലാളികള്‍ പണിയെടുക്കുന്നു. 2 ജെ.സി.ബി കള്‍ അനുസ്യൂതം പ്രവര്‍ത്തിച്ചു വരുന്നു.
ബുധനാഴ്ചയോടെ ഡയമണ്ട് കട്ടര്‍ ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് മുറിച്ചു തുടങ്ങുക.17 സ്പാനുകളില്‍ വിള്ളല്‍ വീണ 15 എണ്ണം മാറ്റേണ്ടതുണ്ട്. ആറ് ഗര്‍ഡറുകള്‍ ചേര്‍ന്നതാണ് ഒരു സ്പാന്‍.ഡയമണ്ട് കട്ടറുപയോഗിച്ച് ഓരോ ഗര്‍ഡറും അതിനു മുകളിലെ ഡെക്ക് സ്ലാബും മുറിക്കും. ആദ്യം നീളത്തില്‍ മുറിക്കുന്ന കോണ്‍ക്രീറ്റ് ചെറുകഷണങ്ങളാക്കുകയും അതിനു ശേഷം പൊടിച്ചെടുക്കുകയും ചെയ്യും. പൊടിശല്യവും അപകടവുമൊഴിവാക്കാന്‍ പാലത്തിനു ചുറ്റും കമ്പി വല കെട്ടിമറച്ചാണ് പൊളിക്കുക. നിലവിലെ ഗതാഗതത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്.
കേരളത്തിന്റെ അഭിമാനത്തിനു മേല്‍ വിള്ളല്‍ വീഴ്ത്തിയ പാലാരിവട്ടം പാലം പൊളിച്ച് പുനര്‍ നിര്‍മ്മിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് രാജ്യത്തെ പരമോന്നത കോടതി അംഗീകാരം നല്‍കിയിരുന്നു. പ്രാദേശിക,ദേശീയ അന്തര്‍ദ്ദേശീയ മാധ്യമങ്ങളും പൊതു സമൂഹവും നിര്‍ലോഭമായ പിന്തുണയാണ് നല്‍കി വരുന്നത്.
പാലം പൊളിക്കല്‍ പ്രക്രിയ ഇന്നലെ പേജില്‍ ലൈവ് നല്‍കിയിരുന്നു. പതിനൊന്നര ലക്ഷത്തിലധികം അളുകള്‍ ആ വീഡിയോ കാണുകയും പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്തു.
എന്നാല്‍ ചില തത്പര കക്ഷികള്‍ ഇതൊന്നും കാണാതെ പ്രവൃത്തി ആരംഭിക്കുന്നതിന് മുന്‍പ് കരാറുകാര്‍ നടത്തിയ ഭൂമി പൂജയെ പരിഹസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കാര്യബോധമുള്ള വലതുപക്ഷ മാധ്യമങ്ങള്‍ പോലും ഇത്തരം പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയവും സ്വാഗതാര്‍ഹവുമാണ്.
ഒരു പ്രവൃത്തി കരാറുകാരേറ്റെടുത്താല്‍ ആ സൈറ്റ് നിര്‍മാണം പൂര്‍ത്തീകരിച്ച് നാടിന് കൈമാറുന്നതു വരെ അവരുടേതാണ്. അവിടെ കരാറുകാര്‍ക്കും തൊഴിലാളികള്‍ക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് പൂജയോ മറ്റ് മതാനുഷ്ഠാനങ്ങളോ നടതുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കേണ്ട കാര്യമെന്താണ്. കരാറുകാരായ DMRC യുടെ തലവന്‍ ഇ.ശ്രീധരന്‍ സര്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണെന്നാണ് മനസ്സിലാക്കുന്നത്. അവര്‍ സഹായം തേടിയിട്ടുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വാഗ്ഭടാനന്ദന്‍ സ്ഥാപിച്ചതും കേരളത്തിലെ ഏറ്റവും പ്രസിദ്ധമായതുമായ നിര്‍മ്മാണ മേഖലയിലെ സഹകരണ സ്ഥാപനമാണല്ലൊ. അവരിലും വിശ്വാസികളുണ്ടായിരിക്കാം. കൂടാതെ കമ്യൂണിസ്റ്റുകാര്‍ വിശ്വാസങ്ങള്‍ക്കെതിരല്ല .മറിച്ച് വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സംരക്ഷണമേകുന്നവര്‍ തന്നെയാണ്.
സൃഷ്ടിപരമായ വിമര്‍ശനങ്ങളെ ഞങ്ങള്‍ എന്നും സ്വാഗതം ചെയുന്നു.എന്നാല്‍ അന്ധമായ രാഷ്ട്രീയ വിരോധം വച്ചു പുലര്‍ത്തി ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരങ്ങള്‍ നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്.
കേരളത്തിനു മേല്‍ വീണ കളങ്കം മായ്ക്കാനും അഴിമതിയുടെ പഞ്ചവടിപ്പാലമായ പാലാരിവട്ടം പാലം പൊളിച്ച് അഭിമാനത്തിന്റെ ഉയരപ്പാത തീര്‍ക്കാനുള്ള ഇടതു സര്‍ക്കാരിന്റെ ആത്മാര്‍ത്ഥ ശ്രമങ്ങളെ പൊതു സമൂഹം തിരിച്ചറിയുന്നുണ്ടെന്നതും മേല്‍പ്പറഞ്ഞ വ്യാജ പ്രചാരകരെ ഒറ്റപ്പെടുത്തുന്നു എന്നറിയുന്നതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യവുമുണ്ട്.
കരാറുകാരും തൊഴിലാളികളും ഭൂമി പൂജ നടത്തുന്നത് സര്‍വ്വ സാധാരണമാണ്.ഇതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ഏവര്‍ക്കും അറിവുള്ളതുമാണ്. ഇത് തടയാന്‍ രാജ്യത്ത് നിയമ വ്യവസ്ഥയുമില്ല. പൂജ എസ്റ്റിമേറ്റിലില്ല, അതിനാല്‍ തന്നെ പൂജ നടന്നത് സര്‍ക്കാര്‍ ചിലവിലുമല്ല. ഏതാനും ചില തത്പരകക്ഷികള്‍ മാത്രമാണ് പല രൂപത്തിലും ഭാവത്തിലും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്.
മാര്‍ക്‌സിസവും ലെനിനിസവും പാര്‍ട്ടി നയരേഖകളും മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും സത്യം മനസ്സിലാവും. യുക്തിവാദത്തില്‍ ശാസ്ത്രീയ യുക്തിവാദവും യാന്ത്രിക യുക്തിവാദവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി വിവക്ഷിച്ചിട്ടുണ്ട്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയേക്കാള്‍ വലുതാണ് കരാറുകാരും തൊഴിലാളികളും അവരുടെ വിശ്വാസത്തില്‍, അവരുടെ ചിലവില്‍ നടത്തിയ ഭൂമി പൂജ എന്നു കരുതുന്നവരോട് തര്‍ക്കിച്ചിട്ട് കാര്യമില്ല, കണ്ണിറുക്കിയടച്ചിട്ട് നട്ടുച്ചയ്ക്കും ഇരുട്ടെന്നാണല്ലോ പരാതി.
Content Highlights; minister g sudhakaran reacts on pooja in palarivattom bridge demolition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..