കണ്ണൂര്‍: കെ.എസ്.എഫ്.ഇ. റെയ്ഡ് വിവാദത്തില്‍ പ്രതികരണവുമായി വ്യവസായമന്ത്രി ഇ.പി. ജയരാജന്‍. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം ഒരു കാര്യവുമില്ലെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.  

യു.ഡി.എഫുകാര്‍ക്ക് വേറെ പണിയൊന്നുമില്ലാത്തതു കൊണ്ട് ഇപ്പോള്‍ ഇങ്ങനെ ഒരോദിവസം രാവിലെ പത്രസമ്മേളനം വിളിക്കും. തോന്നിയത് വിളിച്ചു പറയും. അതിനോടൊന്നും പ്രതികരിച്ചിട്ട് കാര്യമില്ല. ജനങ്ങള്‍ക്കിടയിലേക്ക് പോകാമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.  

തദ്ദേശ തിരഞ്ഞെടുപ്പില്‍ റെയ്ഡ് വിവാദം തിരിച്ചടി ആകുമോ എന്ന ചോദ്യത്തിന്- എവിടെയും റെയ്ഡ് ഉണ്ടായിട്ടില്ലെന്നും റെയ്ഡ് എന്നു പറഞ്ഞാല്‍ റെയ്ഡ് ആകുമോ എന്നും അദ്ദേഹം ആരാഞ്ഞു. അക്കാര്യങ്ങളൊക്കെ ഇന്നലെ മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കി കഴിഞ്ഞു. അതോടെ സംഗതി ക്ലിയറായി. അതില്‍ ഒരു സംശയവും അവശേഷിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞാല്‍ അതുതന്നെ അവസാന വാക്ക്- ജയരാജന്‍ പറഞ്ഞു.

ധനമന്ത്രിക്ക് അസംതൃപ്തിയുണ്ടല്ലോ എന്ന ചോദ്യത്തിന് ആര്‍ക്കും ഒരു അസംതൃപ്തിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ രമേശ് ചെന്നിത്തലയ്ക്ക് ലേശം അസംതൃപ്തിയുണ്ടാകും. അത് കുറച്ച് നിന്നോട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: minister ep jayarajan on ksfe raid