മന്ത്രി ആർ. ബിന്ദു
കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു. സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിന് ആശ്വാസം നല്‍കുന്നതാണ് കോടതി വിധിയെന്ന് ആര്‍. ബിന്ദു പറഞ്ഞു. വ്യവസ്ഥാപിത മാര്‍ഗങ്ങളോടെ വേണം ഇത്തരം ഉത്തരവുകള്‍ ഇറക്കാനെന്നും മന്ത്രി പറഞ്ഞു.
സര്‍വകലാശാലകളുടെ അന്തസ്സ് കാത്തു സൂക്ഷിക്കുന്ന വിധിയാണുണ്ടായത്. ഉന്നത വിദ്യാഭ്യാസരംഗത്തെ കുതിപ്പ് തകര്‍ക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ തന്നെ ശ്രമിക്കുന്നു. ഈ വിധി സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്കിന് ആത്മവിശ്വാസം നല്‍കും. ഇനിയെങ്കിലും മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
സര്‍വകലാശാലകളുടെ പരമോന്നത സഭയാണ് സെനറ്റുകള്‍. സെനറ്റുകളെക്കുറിച്ച് തീരുമാനങ്ങളെടുക്കുമ്പോള്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. വ്യക്തിതാത്പര്യങ്ങള്‍ അതില്‍ ഇടപെടരുത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം കാതലായ പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോവുകയാണ്. അതിനെ തുരങ്കം വയ്ക്കാനുള്ള പരിശ്രമങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്നും ആര്‍. ബിന്ദു.
വ്യവസ്ഥാപിത മാര്‍ഗങ്ങളോടെ വേണം ഇത്തരം ഉത്തരവുകളിറക്കാന്‍. ആരുടെയെങ്കിലും താത്പര്യപ്രകാരമോ നിര്‍ദേശപ്രകാരമോ അല്ല ഉത്തരവുകളിറക്കേണ്ടത്. ബില്ലുകള്‍ ഒപ്പിടില്ല എന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി സംബന്ധിച്ചുള്ള നിരീക്ഷണവും ആശ്വാസകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയ സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വ്യക്തമാക്കി. പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചില്ലെന്ന കാരണത്താലാണ് കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പിന്‍വലിച്ചത്. ഇത് ചട്ടവിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഇതു ശരിവെച്ചാണ് ഹൈക്കോടതി വിധി.
Content Highlights: minister bindu statement, senate members, kerala governor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..