Ramesh Chennithala | Photo: Mathrubhumi
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലാ വി.സി. നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി സ്വയം രാജിവച്ച് പുറത്തുപോകുന്നില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ നിയമന പ്രക്രിയ അട്ടിമറിക്കാനും തന്റെ ഇഷ്ടക്കാരനായ നിലവിലെ വൈസ് ചാന്‍സലര്‍ക്ക് സര്‍വ്വകലാശാല ആക്ടിലെ പ്രായപരിധി കഴിഞ്ഞിട്ടും പുനര്‍ നിയമനം നല്‍കാനും ഗവര്‍ണ്ണര്‍ കൂടിയായ ചാന്‍സലറില്‍ മന്ത്രി സമ്മര്‍ദ്ദം ചെലുത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഗവര്‍ണ്ണര്‍, സര്‍വ്വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകളില്‍ പ്രതിഷേധിച്ച് ചാന്‍സലര്‍ സ്ഥാനം അടിയന്തിരമായി ഒഴിയുന്നു എന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവാണ് ഇത്തരത്തില്‍ ഗവര്‍ണ്ണറില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് ബോധ്യമായിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ പ്രത്യേക അധികാരങ്ങള്‍ ഒന്നും സര്‍വ്വകലാശാലയുടെ ആക്ട് പ്രകാരം ഇല്ല. മാത്രമല്ല വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാരിനോ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കോ അധികാരവുമില്ല. അതുകൊണ്ടുതന്നെ മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള അവകാശമില്ലെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..