കൃഷി മന്ത്രി പി.പ്രസാദ് കൃഷിയിടത്തിൽ, കാർഷിക കാഴ്ച |ഫോട്ടോ:മാതൃഭൂമി
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് യാഥാര്‍ഥ്യം. കേന്ദ്രം കടപരിധി വെട്ടിക്കുറച്ചെന്നും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തിയെന്നും ധനവകുപ്പ് വിലപിക്കുന്നു. ഇതിനിടെ കേരളത്തില്‍ കൃഷി വര്‍ധിപ്പിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ വിദേശത്തേക്ക് പോകുന്നതിനെ വിമര്‍ശിക്കുന്നവരുണ്ട്. എന്തിനാണ് കര്‍ഷകരെ കൊണ്ടുപോകുന്നത്. കൃഷി പഠിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയാല്‍ പോരെ എന്ന് വിമര്‍ശിക്കുന്നവരുണ്ട്.
കേരളത്തില്‍ കാര്‍ഷിക ഉത്പാദന മേഖലയില്‍ സ്വയം പര്യാപ്തത ഇല്ല എന്നുള്ളത് യാഥാര്‍ഥ്യമാണ്. അരിയും പച്ചക്കറിയും എന്നുവേണ്ട ഉപ്പുതൊട്ട് കര്‍പ്പൂരം വരെ കേരളത്തിന് പുറത്തുനിന്ന് വരണം. അത്തരമൊരു ദുരവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യമാണ് കൃഷിവകുപ്പിന്റേത്. കര്‍ഷകരെ വിദേശത്തേക്ക് അയച്ച് നൂതന കൃഷിരീതികള്‍ പരിചയപ്പെടുത്തുമെന്ന് മാതൃഭൂമി ഡോട്ട് കോമിനോടാണ് മന്ത്രി പി.പ്രസാദ് ആദ്യമായി വെളിപ്പെടുത്തിയത്.
ചിലവ് രണ്ടര കോടി, പഠന യാത്ര ഇസ്രായേലിലേക്ക്, എന്തുണ്ട് പഠിക്കാന്‍?
ഇത്തവണ കൃഷി പഠിക്കാന്‍ ഇസ്രായേലിലേക്കാണ് മന്ത്രിയും തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പോവുക. ഒരാഴ്ചയിലധികം നീണ്ടു നില്ക്കുന്ന സന്ദര്‍ശന പരിപാടിയില്‍ ഇരുപത് കര്‍ഷകരും അനുഗമിക്കുന്നുണ്ട്. ഉദ്യോഗസ്ഥരില്‍ ആരൊക്കെ മന്ത്രിക്കൊപ്പം പോകുമെന്ന് പിന്നീട് അറിയിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. ഇസ്രായേലിലെ കാര്‍ഷിക പഠന കേന്ദ്രങ്ങള്‍, കൃഷിഫാമുകള്‍ എന്നിവിടങ്ങളിലെ കൃഷി രീതികള്‍ കണ്ട് മനസ്സിലാക്കാനാണ് സംഘം പോകുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.
കാര്‍ഷിക മേഖലയില്‍ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്ന പദ്ധതികളാണ് ഇസ്രായേലിലുള്ളത്. വാട്ടര്‍ മാനേജ്മെന്റ്, റീസൈക്ലിങ് ടെക്നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകള്‍,ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേല്‍ സാങ്കേതികവിദ്യകള്‍ പ്രസിദ്ധമാണ്. ഇത്തരം സാങ്കേതികവിദ്യകള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഉള്ള അവസരത്തിന് വേണ്ടിയാണ് പഠന യാത്ര.
ഇസ്രായേലിയന്‍ സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കി അതു ഇവിടത്തെ കൃഷിയിടങ്ങളില്‍ പ്രായോഗികമാക്കുന്നതിന് താല്പര്യമുള്ള കര്‍ഷകരെ തെരഞ്ഞെടുത്ത് ഇസ്രായേലിലേക്ക് അയക്കും. പരമാവധി 20 കര്‍ഷകരെയും കാര്‍ഷിക മേഖലയിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്കാരം ലഭിച്ച രണ്ട് മാധ്യമപ്രവര്‍ത്തകരും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന വമ്പന്‍ സംഘമാണ് പോകുന്നത്. 10 വര്‍ഷത്തിനു മുകളില്‍ കൃഷി പരിചയവും ഒരു ഏക്കറിന് മുകളില്‍ കൃഷിഭൂമിയുമുള്ള 50 വയസ്സിന് താഴെയുള്ള കര്‍ഷകരെയാണ് സംഘത്തിലേക്ക് തിരഞ്ഞെടുക്കുക.
ഫെബ്രുവരി 12 മുതല്‍ 19 വരെ നീണ്ടുനില്‍ക്കുന്ന യാത്രയ്ക്ക് രണ്ട് കോടിയോളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, അവിടുത്തെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ചിലവ്. ഒരു കര്ഷകന് വിമാന ചിലവടക്കം മൂന്ന് ലക്ഷം രൂപയാകും. ഇ- മെയിലായി ലഭിച്ച 34 അപേക്ഷകളില്‍ നിന്ന് 20 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരില്‍ 10 പേര് വിമാന യാത്രയ്ക്കുള്ള ചിലവ് സ്വയം വഹിച്ചുകൊള്ളാമെന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രിക്കൊപ്പം കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക് ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരുമുണ്ടാകും. എന്നാല്‍ ഉദ്യോഗസ്ഥര്‍ ആരൊക്കെ ആകും ഉണ്ടാവുക എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
കര്‍ഷകര്‍ക്ക് കൊടുക്കാന്‍ പണമില്ല, വിദേശ യാത്ര പിന്നെങ്ങനെ?
രണ്ട് കോടി രൂപ ചെലവഴിച്ച് ഇസ്രായേലിലെ കൃഷി പഠിക്കാന്‍ ഒരുങ്ങുന്ന കൃഷി വകുപ്പിനെതിരെ ഉയരുന്ന വിമര്‍ശനത്തിന് കുറവില്ല. അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ പോലും കൃഷിവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാന വിള ഇന്‍ഷുറന്‍സ് പ്രകാരമുള്ള നഷ്ടപരിഹാരമാണ് ഫണ്ടില്ലെന്ന പേരില്‍ ഇതുവരെ നല്‍കാത്തത്. ഫണ്ടില്ലെന്ന ന്യായം പറഞ്ഞ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം അടക്കം തടഞ്ഞുവെച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് കോടികള്‍ ചെലവഴിച്ചുള്ള ഇസ്രായേല്‍ യാത്രയ്ക്ക് വകുപ്പൊരുങ്ങുന്നത്.
സംസ്ഥാനത്ത് 80 ശതമാനം കര്‍ഷകരും കടക്കെണിയിലാണെന്ന് സ്വതന്ത്ര കര്‍ഷക സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല 75 ശതമാനം പേരുടെ ഭൂമിയും പണയത്തിലുമാണ്. ഇത്തരത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്തപ്പോഴാണ് വിദേശ യാത്രയെന്നതാണ് ശ്രദ്ധേയം. കര്‍ഷകര്‍ക്ക് നിലവിലെ രീതിയില്‍ പോയാല്‍ കടബാധ്യത തുടരുക മാത്രമേയുള്ളു. അവരുടെ വരുമാനം വര്‍ധിപ്പിച്ചാല്‍ മാത്രമേ പ്രതിസന്ധി ഇല്ലാതാകുവെന്ന് വകുപ്പ് മന്ത്രി പറയുന്നു. പക്ഷെ കര്‍ഷക ക്ഷേമനിധി ബോര്‍ഡ്, സ്മാര്‍ട്ട് കൃഷിഭവന്, സിയാല്‍ മോഡല്‍ കമ്പനി തുടങ്ങിയ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അത് പൂര്ണതയിലെത്തിയിട്ടുമില്ല.
നൂതന കൃഷിരീതികളില്‍ കൂടിയെ കര്‍ഷകരുടെ വരുമാനം വര്ധിപ്പിക്കാനാകുവെന്നാണ് കൃഷിമന്ത്രിയുടെ പക്ഷം. എന്നാല്‍ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുക ചിലവഴിക്കാതെ വകുപ്പില്‍ കിടപ്പുണ്ട്. അത് പുനഃക്രമീകരണം നടത്തിയാല്‍ ഈ പറയുന്ന യാത്രാ ചിലവ് ക്രമീകരിക്കാനാകും. അതിനായി ഖജനാവില്‍ നിന്ന് അധികമായി തുക കണ്ടെത്തേണ്ടതില്ലെന്ന നിലപാടാണ് കൃഷി വകുപ്പിനുള്ളത്.
ആന്ധ്രപ്രദേശിലെ കൃഷിയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ പഠിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ആന്ധ്ര സന്ദര്‍ശിച്ചിരുന്നു. നാച്വറല്‍ ഫാമിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്ന് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. ഇതേപോലെ കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തിയ യാത്രയാണ് ഇസ്രായേലിലേക്കുള്ളത്.
കൃഷിക്ക് വേണ്ടിവരുന്ന ചിലവ് കുറച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കടം എന്നും എഴുതി തള്ളുന്നത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നില്ല. അതിന് പകരമാണ് പുതുമാതൃകകള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ പുറത്തുനിന്നുള്ള പച്ചക്കറി ഉള്‍പ്പെടെയുള്ള ഇറക്കുമതി കുറയ്ക്കാനുള്ള ശ്രമം വിജയം കാണുമോയെന്ന് കണ്ടറിയണം
Content Highlights: Minister and Farmers to Israel to Study Agriculture
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..