എ.കെ.ശശീന്ദ്രൻ | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: കാട്ടുപന്നികളെ കൊല്ലുന്നത് സംബന്ധിച്ച് ബി.ജെ.പി. എം.പി. മേനകാ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. പരിഹാരമാര്‍ഗം എന്താണെന്ന് മേനകാ ഗാന്ധി നിര്‍ദേശിക്കുന്നില്ല. കാട്ടുപന്നിയെ കൊല്ലാനുള്ള ഇപ്പോഴുള്ള ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിലുള്ളതാണ്. കാട്ടുപന്നികളുടെ എണ്ണം നിയന്ത്രണവിധേയമായാല്‍ ഇപ്പോഴുള്ള ഉത്തരവ് പിന്‍വലിക്കും. ഗ്യാലറിയിലിരുന്ന് കളി കാണാന്‍ എല്ലാവര്‍ക്കും കഴിയും, എന്നാല്‍ മലയോര മേഖലയിലെ ജനങ്ങളുടെ ബുദ്ധിമുട്ട് കാണാതെ പോകരുതെന്നും മന്ത്രി പറഞ്ഞു.
കാട്ടുപന്നികള്‍ കാട്ടില്‍നിന്ന് ഇറങ്ങി വന്ന് മനുഷ്യരെ കൊല്ലുന്നു, കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. പരിഹാരം എന്താണ് എന്നതാണ് പ്രധാനം. വന്യമൃഗങ്ങളുടെ വംശ വര്‍ധനവ് എത്രത്തോളമാണ്, എത്ര ശതമാനമാണ് എന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു പഠനവും നടത്തിയിട്ടില്ല. നാലോ അഞ്ചോ വര്‍ഷം മുന്‍പത്തെ റിപ്പോര്‍ട്ട് വെച്ച് ഇപ്പോഴത്തെ സ്ഥിതി കൈകാര്യം ചെയ്യാന്‍ കഴിയില്ല. മലയോര മേഖലയിലെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള മനുഷ്യര്‍ നേരിടുന്ന പ്രധാന പ്രശ്‌നം എന്താണ് എന്നതാണ് പരിശോധിക്കേണ്ടത്.
കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാമെന്ന് വന നിയമത്തില്‍ പറയുന്നു. സാഹചര്യങ്ങള്‍ അനുസരിച്ച് ഇത്തരം ഭേദഗതി വരുത്താനാണ് നിയമത്തില്‍ അങ്ങനെയൊരു കാര്യം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ കാട്ടുപന്നി ഭീഷണിയെന്ന പരാതി കെട്ടിച്ചമച്ചതാണെന്നായിരുന്നു ബി.ജെ.പി. എം.പി. മേനകാ ഗാന്ധി പറഞ്ഞത്.
കേരളത്തിലെ മലയോര കര്‍ഷകര്‍ക്ക് ഭീഷണിയായ കാട്ടുപന്നികളെ കൊല്ലുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് മേനകാ ഗാന്ധി രംഗത്തുവന്നത്. ഈ ഉത്തരവ് ഇന്ത്യയെ മൊത്തത്തില്‍ ബാധിക്കുമെന്നാണ് മേനക ഗാന്ധി പറഞ്ഞത്. 'പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് കാട്ടുപന്നിക്ക് അവരുടേതായ ഭാഗമുണ്ട്. കേരളത്തില്‍ എന്നല്ല, എവിടെയുമുള്ള കര്‍ഷകര്‍ക്ക് കാട്ടുപന്നിയെ കൊല്ലണം എന്ന് ആഗ്രഹമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സത്യത്തില്‍ വേട്ടക്കാരാണ് ഇതിന് പിന്നില്‍. അവര്‍ കര്‍ഷകരെ ഒരു മറയായി ഉപയോഗിക്കുകയാണ് ' എന്നും മേനകാഗാന്ധി ആരോപിച്ചിരുന്നു.
Content Highlights: minister ak saseendran against menaka gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..