തിരുവനന്തപുരം തൃപ്തി ദേശായി അടക്കം ഒരു യുവതിയ്ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ലെന്ന് മന്ത്രി എ.കെ.ബാലന്‍.  സര്‍ക്കാര്‍ സഹായത്തോടെ ആരും ശബരിമലയില്‍ കയറില്ലെന്നും ശബരിമലയില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ബിന്ദു അമ്മിണിക്ക് നേരേയുണ്ടായ മുളകുസ് പ്രേ ആക്രമണത്തിനോട് യോജിപ്പില്ല. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഇത്തരം ആക്രമണം നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഭക്തജനങ്ങള്‍ക്ക് നിര്‍ഭയമായി ശബരിമലയില്‍ വരാമെന്നും സമാധാനപരമായാണ് തീര്‍ഥാടനം പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ശബരിമല ദര്‍ശനത്തിനെത്തിയ ഇവര്‍ക്കൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. തുടര്‍ന്ന് ശബരിമലയിലേക്ക് യാത്രതിരിച്ചെങ്കിലും പിന്നീട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി. ഇവിടെവെച്ച് ബിന്ദു അമ്മിണിക്ക് നേരേ മുളകുസ്പ്രേ ആക്രമണവും കൈയേറ്റവുമുണ്ടായി. 

Content Highlights: minister ak balan says government wont give protection to any woman to enter sabarimala