കോഴിക്കോട്: ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം പറയണമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. മുന്‍ ഗവര്‍ണര്‍ പി.സദാശിവത്തിനും പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ സ്വന്തമായ അഭിപ്രായമുണ്ടായിരുന്നു. പക്ഷെ അദ്ദേഹം ഒരിക്കലും സ്വന്തം അഭിപ്രായം പൊതുസമൂഹത്തില്‍ പറഞ്ഞിരുന്നില്ല. ഒരു സര്‍ക്കാരിനെ ഭരണഘടനാപരമായി ബുദ്ധിമുട്ടിക്കണമെന്ന് സദാശിവം വിചാരിച്ചിരുന്നില്ല. മറിച്ചുള്ള അഭിപ്രായ പ്രകടനം നടത്തണോയെന്ന് പദവിയിലുള്ളവര്‍ സ്വയം തീരുമാനിക്കണമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

കോണ്‍ഗ്രസ് നിലപാടെടുത്ത പോലെ ഗവര്‍ണറുടെ പരിപാടി ബഹിഷ്‌കരിക്കണമെന്ന് ഇതുവരെ പാര്‍ട്ടിയോ സര്‍ക്കാരോ തീരുമാനിച്ചിട്ടില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

ഒന്നിച്ചുള്ള സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ രണ്ട് രൂപത്തിലുള്ള അഭിപ്രായമുണ്ട്. അതിനെ മാന്തി പുണ്ണാക്കാന്‍ ഇഷ്ടപ്പെടുന്നില്ല. രാജ്യത്തിന് മാതൃകയായിരുന്നു ഒരുമിച്ചുള്ള സമരം. അതിനെ അപഹസിക്കുന്ന രൂപത്തില്‍ ഒരാള്‍ക്കും സംസാരിക്കാന്‍ പറ്റില്ല. പക്ഷെ മുല്ലപ്പള്ളിക്ക് എങ്ങനെ അതിന് കഴിഞ്ഞുവെന്നും മനസ്സ് പാകപ്പെട്ടുവെന്നും വരും ദിവസങ്ങളില്‍ ചര്‍ച്ചയാവും. മുസ്ലീംലീഗിനും കോണ്‍ഗ്രസിനും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അതും ചര്‍ച്ചയാവുമെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രത്തിനെതിരായ നിലപാടെടുക്കുന്ന എല്ലാ വിഭാഗത്തിനുമെതിരായി പ്രത്യക്ഷമായും പരോക്ഷമായും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നു. അതിന്റെ ഭാഗം കൂടിയാണ് സിനിമാ താരങ്ങള്‍ നടത്തിയ സമരത്തിന് ശേഷം ആദായ നികുതി ചൂണ്ടിക്കാട്ടിയുള്ള ഭീഷണിയെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Minister AK Balan Againt Governer