തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത നടത്തുന്ന ജാഥ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടുള്ളതാണെന്ന് മന്ത്രി എ.കെ. ബാലന്‍. ഈ രൂപത്തിലാണ് ജാഥ തിരുവനന്തപുരത്ത് എത്തുന്നതെങ്കില്‍ ഓരോ സ്വീകരണ യോഗങ്ങളും കോവിഡ് ക്ലസ്റ്ററുകളായി മാറുമെന്നും അതില്‍ ഒരു സംശയവും വേണ്ടെന്നും ബാലന്‍ പറഞ്ഞു.

സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചതിന്റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കി. അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ക്ക് പോലും ഒരു ആക്ഷേപവും ഉണ്ടായില്ല. മാതൃകാപരവുമായിരുന്നു. ചടങ്ങില്‍ പങ്കെടുക്കേണ്ട ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവടക്കം അനാവശ്യമായിട്ടാണ് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയത്. മുഖ്യമന്ത്രിക്ക് കോവിഡ് വന്ന് തിരഞ്ഞെടുപ്പില്‍ ചുളുവില്‍ രക്ഷപ്പെടാമെന്ന് ചില ദുഷ്ട മനസ്സുകള്‍ വിചാരിച്ചുകാണുമെന്നും ബാലന്‍ പറഞ്ഞു.

പാണക്കാട് തങ്ങള്‍ക്കെതിരെ സിപിഎം നേതാക്കള്‍ ഒന്നും പറഞ്ഞിട്ടില്ല. പിണറായിക്ക് മതന്യൂന പക്ഷങ്ങള്‍ക്കിടയിലുള്ള സ്വാധീനത്തില്‍ വിളറിപൂണ്ടാണ് ചില പ്രചരണങ്ങള്‍ നടത്തുന്നത്. ലീഗിനേക്കാള്‍ സ്വാധീനം പിണറായിക്കാണ് മതന്യൂനപക്ഷങ്ങളിലുള്ള സ്വാധീനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: minister ak balan against ramesh chennithala kerala yathra, covid 19