ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് വാഹനമിടിച്ചുകയറ്റി കര്‍ഷകര്‍ കൊല്ലപ്പെട്ട കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റില്‍. ശനിയാഴ്ച പോലീസ് മുമ്പാകെ കീഴടങ്ങിയ ആശിഷിനെ ഡി.ഐ.ജി. ഉപേന്ദ്രവര്‍മയുടെ നേതൃത്വത്തില്‍ 12 മണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷം രാത്രി 11.30-ഓടെയാണ് അറസ്റ്റുചെയ്തത്. അദ്ദേഹത്തെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി. ചോദ്യംചെയ്യലിന് സഹകരിക്കാത്തതിനാലാണ് അറസ്റ്റെന്ന് ഡി. ഐ.ജി. പറഞ്ഞു.

കൊലപാതകം, കലാപശ്രമം എന്നിവ ഉള്‍പ്പെടെ എട്ടുവകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.വെള്ളിയാഴ്ച ഹാജരാകാനാണ് പോലീസ് ആദ്യം സമന്‍സ് നല്‍കിയതെങ്കിലും ആശിഷ് എത്തിയില്ല. നേപ്പാളിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച വീണ്ടും സമന്‍സയച്ചു. സംഭവത്തില്‍ യു.പി. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികളില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ആശിഷ് കീഴടങ്ങാന്‍ തീരുമാനിച്ചത്.

ലഖിംപുര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേക അന്വേഷണസംഘത്തിനു മുമ്പാകെ പതിനൊന്നോടെ സദര്‍ എം.എല്‍.എ. യോഗേഷ് വര്‍മയുടെ സ്‌കൂട്ടറിലാണ് ആശിഷ് എത്തിയത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ പിന്‍വാതിലിലൂടെയാണ് ഉള്ളില്‍ പ്രവേശിച്ചത്. ആശിഷിന്റെ ഫോണ്‍ പോലീസ് പരിശോധനയ്ക്കായി പിടിച്ചെടുത്തു. പ്രത്യേകാന്വേഷണസംഘം(എസ്.ഐ.ടി.) ചോദ്യംചെയ്യല്‍ തുടങ്ങിയതിനു പിന്നാലെ ക്രൈംബ്രാഞ്ച് ഓഫീസിനുചുറ്റും കനത്ത പോലീസ് സന്നാഹവും ഏര്‍പ്പെടുത്തി.

കര്‍ഷകസമരക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തില്‍ താനുണ്ടായിരുന്നില്ലെന്ന് ആശിഷ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായാണറിയുന്നത്. ഇതിനെ സാധൂകരിക്കാന്‍ മൊബൈലിലെടുത്ത വീഡിയോകളും 10 വ്യക്തികളുടെ സാക്ഷ്യപത്രങ്ങളും ഹാജരാക്കി. എന്നാലിതൊന്നും ആ സമയം ആശിഷ് എവിടെയായിരുന്നെന്ന് കൃത്യമായി തെളിയിക്കാന്‍ പര്യാപ്തമല്ലെന്നാണ് പോലീസ് മാധ്യമങ്ങള്‍ക്കു നല്‍കുന്ന സൂചന. ഇരുപത്തിയഞ്ചോളം ചോദ്യങ്ങള്‍ പോലീസ് തയ്യാറാക്കിയിരുന്നു.

കൊല്ലപ്പെട്ടവരുടെ കര്‍ഷകരുടെ കുടുംബാംഗങ്ങളുടെ മൊഴിപ്രകാരം ടിക്കോണിയ പോലീസില്‍ രജിസ്റ്റര്‍ചെയ്ത എഫ്.ഐ. ആറില്‍ മന്ത്രിയും മകനും ഗൂഢാലോചന നടത്തിയതായും ആശിഷ് കര്‍ഷകര്‍ക്കുനേരെ വെടിയുതിര്‍ത്തതായും രേഖപ്പെടുത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന ലവ് കുശ്, ആശിഷ് പാണ്ഡെ എന്നിവര്‍ വ്യാഴാഴ്ച അറസ്റ്റിലായിരുന്നു. ഇവരുടെ മൊഴിയുടെകൂടി അടിസ്ഥാനത്തിലാണ് ആശിഷിനും നോട്ടീസ് അയച്ചത്.

ആശിഷ് ഹാജരായതോടെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിങ് സിദ്ദു വെള്ളിയാഴ്ച തുടങ്ങിയ നിരാഹാരം അവസാനിപ്പിച്ചു.

Content Highlights: Minister Ajay Mishra's son Ashish, accused of running over farmers in Uttar Pradesh, was arrested