തിരുവനന്തപുരം: ബിന്ദു അമ്മിണി തന്റെ ഓഫീസുമായി ബന്ധപ്പെട്ട് പറഞ്ഞത് തികച്ചും തെറ്റായ കാര്യങ്ങളാണെന്ന് മന്ത്രി എ.കെ. ബാലന്‍. താന്‍ ഓഫീസില്‍ വന്നിട്ടില്ലെന്ന് മന്ത്രി പറയുന്നത് ഭയംകൊണ്ടാണെന്ന ബിന്ദു അമ്മിണി പ്രസ്താവനയോട് ഫേയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ബിന്ദു അമ്മിണി നടത്തിയ ഒരു പ്രസ്താവന കാണാനിടയായി. തികച്ചും തെറ്റായ കാര്യങ്ങളാണ് അവര്‍ പറഞ്ഞിട്ടുള്ളത്.

ബിന്ദു അമ്മിണി ഓഫീസില്‍ വന്ന ദിവസം ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അവര്‍ ഓഫീസില്‍ വന്നിട്ടുണ്ടെന്നും പരാതി തരാനാണ് വന്നതെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്.

ബിന്ദു അമ്മിണി ഓഫീസിലെത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പരാതിയുമായാണ് ഇവര്‍ എന്റെ ഓഫീസിലെത്തിയതെന്ന് പറഞ്ഞിരുന്നു. രണ്ട് പരാതികളാണ് അവര്‍ തന്നിട്ടുള്ളത്. പരാതിയുടെ ഉള്ളടക്കം എന്റെ ഓഫീസില്‍ നിന്നും നേരത്തെ പറഞ്ഞിരുന്നു. പരാതികള്‍ രണ്ടും അനന്തര നടപടികള്‍ക്കായി തൊട്ടടുത്ത ദിവസം തന്നെ പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി പരാതി തരും മുന്‍പ് തന്നെ നടപടി സ്വീകരിക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നടപടി ഉണ്ടാകും.

ഞാനോ എന്റെ ഓഫീസോ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. ഒരു ഒളിച്ചുകളിയും ഇത്തരം പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുമില്ല. ആരെയും ഭയപ്പെടേണ്ട ഗതികേട് എന്റെ ഓഫീസിനില്ല.

താന്‍ എന്തിനാണ് ഓഫീസിലെത്തിയതെന്ന് പറയാനുള്ള ആര്‍ജവം മന്ത്രി കാണിക്കണമെന്ന് നേരത്തെ ബിന്ദു അമ്മിണി പറഞ്ഞിരുന്നു. ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനാണ് താന്‍ മന്ത്രി എ.കെ. ബാലന്റെ  ഓഫീസിലെത്തിയത്. വിഷയം പുറത്തേക്ക് വരാതിരിക്കുന്നതിന് വേണ്ടി മാത്രമാണ് താന്‍ ഓഫീസിലെത്തിയെന്നത് മന്ത്രി സമ്മതിക്കാതിരിക്കുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞിരുന്നു.

Content Highlights: minister a k balan reacts bindu ammini's accusations