തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. ചൈന പോലുള്ള രാജ്യങ്ങളെ ഇക്കാര്യത്തില്‍ മാതൃകയാക്കും.

ഡാമുകളാണ് ദുരന്തത്തിന് കാരണം എന്ന പ്രചാരണം തെറ്റാണ്. തണ്ണീര്‍ത്തതടങ്ങള്‍ സംരക്ഷിക്കപ്പൈടണം. ക്വാറികളെ സര്‍ക്കാര്‍ നിയന്ത്രിക്കും. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ നല്ല വശങ്ങള്‍ ഉള്‍കൊള്ളുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഈ ദുരന്തം സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇത് പരിഹാസത്തോടും പുച്ഛത്തോടും കൂടി മാത്രമേ കേരളത്തിലെ ജനങ്ങള്‍ കാണുകയുള്ളു. ന്യൂനമര്‍ദമുണ്ടായതും മഴപെയ്തതും സര്‍ക്കാര്‍ കാരണം അല്ല. തമിഴ്നാട് വെള്ളം തുറന്നുവിട്ടതും കേരള സര്‍ക്കാര്‍ കാരണമല്ല. ഇത്തരം വാദങ്ങള്‍ വേദനാജനകമാണ്.

വലിയ നാശനഷ്ടമാണ് ഉണ്ടായത്. ഇതിനെ നേരിടാന്‍ നമുക്ക് കഴിയും. ജില്ലാ ഭരണകൂടങ്ങള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പാലക്കാട് ജില്ലയില്‍ മാത്രം നല്‍കിയത് 750 ടണ്‍ ഭക്ഷ്യധാന്യങ്ങളാണ്. പാലക്കാട് നെല്ലിയാമ്പതിയിലാണ് വലിയ ദുരിതമുണ്ടായത്. രണ്ട് മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങള്‍ അവിടെ എത്തിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളും ജീവനക്കാരും മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്.

തകര്‍ന്ന കേരളത്തെ നവകേരളമാക്കി മാറ്റാന്‍ നമുക്ക് കഴിയും. എല്ലാ ജില്ലകളിലും കര്‍മ പദ്ധതികള്‍ തയ്യാറാക്കാന്‍ കഴിയും. നവകേരളം സൃഷ്ടിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണം. പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ ആദ്യമായല്ല. പുറ്റിങ്ങല്‍ ദുരന്തം അന്നത്തെ സര്‍ക്കാരിന്റെ സൃഷ്ടിയാണെ്. പ്രളയം ബാധിക്കപ്പെട്ട ഏവര്‍ക്കും ജീവിതം തിരികെപ്പിടിക്കും വരെ സര്‍ക്കാര്‍ കൂടെ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.