തിരുവനന്തപുരം: സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യു.സി.സി ഉന്നയിച്ച ആരോപണങ്ങള്‍ എഎംഎംഎ പരിശോധിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. എഎംഎംഎയ്‌ക്കെതിരെ ശനിയാഴ്ച നടിമാര്‍ പത്രസമ്മേളനത്തില്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഡബ്ല്യുസിസിയുടെ ആശങ്കകള്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന എഎംഎംഎ പരിശോധിച്ച് പരസ്പര വിശ്വാസത്തോടെ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നത്. എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ ഡബ്ല്യുസിസിക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

എഎംഎംഎയും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്നമാണിത്. സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ സഹായം ഏതെങ്കിലും വിഭാഗം ചോദിച്ചാല്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അപ്രായോഗികവും തെറ്റിദ്ധാരണാ ജനകവുമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അമ്മയുടെ ഭാഗത്തുനിന്ന് പരിഹരിക്കണം. അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവരെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിക്കുന്ന നടപടിയോട് സര്‍ക്കാര്‍ യോജിക്കുന്നില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

ഡബ്ല്യൂസിസിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആക്രമിക്കപ്പെട്ട നടിയെ പിന്‍തുണച്ച് നടിമാരായ രേവതി, പാര്‍വ്വതി, പദ്മ പ്രിയ തുടങ്ങിയവര്‍ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അമ്മയുടെ നേതൃത്വം അലങ്കരിക്കുന്നവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പോരാട്ടവുമായി മുന്‍പോട്ട് തന്നെ പോകുമെന്നും ഡബ്ലൂ.സി.സി വ്യക്തമാക്കിയിരുന്നു.