കോട്ടയം:   ഭയം കൊണ്ടാണ് താന്‍ ഓഫീസിലെത്തിയില്ല എന്ന് മന്ത്രി എ.കെ ബാലന്‍ പറയുന്നതെന്ന് ബിന്ദു അമ്മിണി. തന്റെ നിഴലിനേപ്പോലും മന്ത്രി ഭയക്കുന്നു. ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. നവോത്ഥാന കേരളം വനിതാ കൂട്ടായ്മയിലെ അംഗങ്ങളാണ് ജനുവരി രണ്ടിനെത്തുകയെന്നും അവര്‍ പറഞ്ഞു.

താന്‍ എന്തിനാണ് ഓഫീസിലെത്തിയതെന്ന് പറയാനുള്ള ആര്‍ജവം മന്ത്രി കാണിക്കണം. ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനാണ് താന്‍ മന്ത്രി എ.കെ. ബാലന്റെ  ഓഫീസിലെത്തിയത്. അത് മറച്ചുവെക്കുന്നത് എന്തിനാണെന്നതില്‍ സംശയമുണ്ട്. വിഷയത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പ് എത്രമാത്രം ഒളിച്ചുകളിക്കുന്നുവെന്നതാണ് അത് ബോധ്യപ്പെടുത്തുന്നത്.  വിഷയം പുറത്തേക്ക് വരാതിരിക്കുന്നതിന് വേണ്ടി മാത്രമാണ് താന്‍ ഓഫീസിലെത്തിയെന്നത് മന്ത്രി സമ്മതിക്കാതിരിക്കുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ജനുവരി രണ്ടിന് താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു. നവോത്ഥാന കേരളം വനിതാ കൂട്ടായ്മയിലെ നൂറോളം സ്ത്രീകളാണ് ജനുവരി രണ്ടിന് ശബരിമലയിലേക്ക് പോവുകയെന്നും യാത്രയില്‍ പങ്കെടുക്കാന്‍ നിലവില്‍ ആലോചിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അതിന് പിന്തുണ നല്‍കുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

Content Highlights: Minister A K Balan fear me says Bindu Ammini