-
കോട്ടയം: കോവിഡ് ബാധിതര്‍ക്ക് ആശ്വാസമേകുന്ന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ലോക്ക് ഡൗണ്‍ കാലയളവിലും സാങ്കേതിക സര്‍വകലാശാലയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. പാലാ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിലെ അവസാനവര്‍ഷ ബിടെക് വിദ്യാര്‍ത്ഥികളായ എഡ്വിന്‍ എസ്, വിനീത് കെ, കാല്‍വിന്‍ റാലി, ക്രിസ് ഷാജി എന്നിവര്‍ ഡോ.രാജേഷ് ബേബി, ഡോ. വി. പി ദേവസ്യാ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് കേരള സാങ്കേതിക സര്‍വകലാശാലയുടെ കോവിഡ് സെല്‍ സംഘടിപ്പിച്ച മിനി വെന്റിലേറ്റര്‍ മത്സരത്തില്‍ വിജയികളായത്.
ശ്വാസതടസ്സവുമായി എത്തുന്ന രോഗികള്‍ക്ക് അടിയന്തരമായി പ്രാണവായു നല്‍കി സ്ഥിരം വെന്റിലേറ്റര്‍ ലഭ്യമാക്കുന്നതുവരെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന പോര്‍ട്ടബള്‍ ശ്വാസന സഹായിയാണ് വിദ്യാര്‍ത്ഥികള്‍ കോളേജിലെ ഫാബ് ലാബില്‍ നിര്‍മിച്ചത്.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധര്‍ നിര്‍ദേശിച്ച ശ്വസന പ്രക്രിയ മാനദണ്ഡങ്ങള്‍ പ്രകാരമുളള രൂപകല്പനയിലൂടെയാണ് ആദ്യ മാതൃകകള്‍ നിര്‍മ്മിച്ചത്.
രോഗിക്കൊപ്പം കൊണ്ടുപോകാവുന്ന ഇത്തരം ശ്വാസന സംവിധാനത്തിന്റെ മികച്ച മാതൃകകള്‍ക്കായി സര്‍വകലാശാല സംഘടിപ്പിച്ച മത്സരത്തില്‍ 34 കോളേജുകളില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുത്തത്. ഇതില്‍ നിന്നു പാലാ സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളേജ്, കണ്ണൂര്‍ വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളേജ്, തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജ്, മംഗളം എഞ്ചിനീയറിംഗ് കോളേജ് എന്നിവരാണ് മികച്ച മോഡലുകളായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇവര്‍ക്കു സര്‍വകലാശാല ഗവേഷണ വകുപ്പില്‍ നിന്ന് 20,000 രൂപ നല്‍കുമെന്ന് ഗവേഷക വിഭാഗം ഡീന്‍ ഡോ. വൃന്ദ വി. നായര്‍ അറിയിച്ചു.
വിജയിച്ച കോളേജുകള്‍ അതാത് ജില്ലകളിലെ കോവിഡ് ആശുപത്രികളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ അനുമതിയോടെ ശ്വസന സംവിധാന മാതൃകകള്‍ സ്ഥാപിക്കണം. മികച്ച ഡിസൈനുകള്‍ തയ്യാറാക്കിയ കോളേജുകള്‍ക്ക് പ്രോത്സാഹനമായി 5000 രൂപ വീതം നല്‍കും.
ശ്രീചിത്രയിലെ ശാസ്ത്രജ്ഞനായ ഡോ. സി വി മുരളീധരന്‍ റുട്ട്‌സ് കാസ്റ്റ് എംഡി ഡോ.ബാലസുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മികച്ച പ്രവര്‍ത്തന മോഡലുകള്‍ തിരഞ്ഞെടുത്തത്.
Content highlight: Mini ventilator model make Students of St. Joseph's Engineering College, Pala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..