
കൊച്ചി: താമസസ്ഥലത്തെ ഫ്ളാറ്റില്‍നിന്ന് ചാടി ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യചെയ്ത സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. മിഹിറിന്റെ ആത്മഹത്യയില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സ്കൂളുകളോട് എന്‍ഒസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസ് പറഞ്ഞു.
സ്കൂളില്‍വെച്ച് മിഹിര്‍ അതിക്രമത്തിന് ഇരയായോ എന്ന് പരിശോധിക്കും. മിഹിറിന്റെ സഹപാഠികളില്‍നിന്ന് വിവരങ്ങള്‍ തേടുകയും സ്ക്രീന്‍ഷോട്ട് പരിശോധിക്കുകയും ചെയ്യും. സാമൂഹ്യനീതി വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെടുമെന്നും എസ്. ഷാനവാസ് മാധ്യമങ്ങളോട് പറഞ്ഞു.
മഹിര് പഠിച്ച സ്കൂളുകളോട് എന്‍ഒസി ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂള്‍ അധികൃതര്‍ ഇതുവരെ അത് ഹാജരാക്കിയിട്ടില്ല. ഹാജരാക്കുന്നതിനായി സമയം നല്‍കും. അത് ഹാജരാക്കിയില്ലെങ്കില്‍ തുടര്‍ നടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിബിഎസ്ഇ ആയാലും ഐസിഎസ്ഇ ആയാലും കേരളത്തില്‍ ഒരു വിദ്യാഭ്യാസ്ഥാപനം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാന ഗവണ്മെന്റ് എന്‍ഒസി ആവശ്യമാണ്. അത് ഒഴിവാക്കി സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. സ്കൂളുകളോട് എന്‍ഒസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ഹാജരാക്കിയിട്ടില്ല. അതിനായി സമയം നല്‍കും, അദ്ദേഹം പറഞ്ഞു.
അടിയന്തിരമായി മൂന്ന് കാര്യങ്ങളാണ് വിദ്യഭ്യാസ വകുപ്പ് അന്വേഷിക്കുന്നത്. ഒന്ന് മിഹിറിന് അപകടം സംഭവിച്ച കാര്യം, രണ്ട് കുട്ടിക്ക് സംഭവിച്ച ദുരന്തത്തില്‍ കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്നത്. സ്കൂളുകളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടത് എന്നിവ സംബന്ധിച്ചാണ് മൂന്നാമതായി പരിശോധിക്കുക.
ഇത് സംബന്ധിച്ച് എത്രയും പെട്ടെന്ന് തന്നെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതാണ്. വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചപോലെ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടാകാതെയുള്ള നയമാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുക.
മിഹിര്‍ പഠിച്ച സ്കൂളിലെ വൈസ് പ്രിന്സിപ്പാളില്നിന്നും വലിയ പീഡനം ഉണ്ടായെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈസ് പ്രിന്‍സിപ്പാളിന്റെ മൊഴി എടുത്തതായും എസ്. ഷാനവാസ് പറഞ്ഞു.
സ്കൂളിലെ വൈസ് പ്രിന്‍സിപ്പാളിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തി. മാതാപിതാക്കളുടെ മൊഴിയും എടുത്തിട്ടുണ്ട്. സ്കൂളിനേയും സ്കൂളിലെ ഉദ്യോഗസ്ഥരേയും സംബന്ധിച്ച് മാതാപിതാക്കള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. പ്രിന്‍സിപ്പലിന്റേയും അധ്യാപകരുടേയും മൊഴി എടുത്തശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കും, എസ്. ഷാനവാസ് വ്യക്തമാക്കി
Content Highlights: Kerala education department conduct investigation in Mihir suicide case
Published: 03 Feb 2025, 04:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented