കൊച്ചി: ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഇന്ന് ആദ്യ ട്രെയിന്‍ പുറപ്പെടും. ഇന്ന് വൈകീട്ട് ആറ് മണിക്ക് ആലുവയില്‍ നിന്ന് ഒഡീഷയിലേക്കാണ് ആദ്യം ട്രെയിന്‍ പുറപ്പെടുക. 1200 യാത്രക്കാരുമായി ഭൂവനേശ്വറിലേക്കാകും ട്രെയിന്‍ പുറപ്പെടുന്നത്. കുടിയേറ്റ തൊഴിലാളികളുമായി രാജ്യത്ത് നിന്ന് പുറപ്പെടുന്ന രണ്ടാമത്തെ ട്രെയിനാണിത്. ഇന്ന് രാവിലെ തെലങ്കാനയില്‍ ജാര്‍ഖണ്ഡിലേക്ക് ട്രെയിന്‍ പുറപ്പെട്ടിരുന്നു. റെയില്‍വേ സ്റ്റേഷനിലടക്കം സാമൂഹിക അകലം പാലിച്ചായിരിക്കും യാത്ര.

അതിഥി തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ഇതിനുള്ള രജിസ്‌ട്രേഷന്‍ നടന്നുവരുന്നുണ്ട്.

അതിഥി തൊഴിലാളികളെ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം മാത്രമേ സ്വന്തം സംസ്ഥാനങ്ങളിലേക്ക് വിടാവൂ എന്ന് കേന്ദ്ര നിര്‍ദേശമുണ്ട്. ഇതനുസരിച്ചാണ് ജില്ലകളില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. പ്രായമായവര്‍, കുടുംബമായി താമസിക്കുന്നവര്‍ എന്നിങ്ങനെ മുന്‍ഗണനാക്രമത്തിലാണ് രജിസ്റ്റര്‍ ചെയ്തവരെയും കൊണ്ടുപോകുന്നത്.

എറണാകുളം ജില്ലയിലെ ഒന്നര ലക്ഷം തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനം തിരിച്ച് കണക്കെടുത്ത് ഓരോ സംസ്ഥാനങ്ങളിലേക്കും പ്രത്യേക ട്രെയിനുകള്‍ ഓടിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Content Highlights: 1st group of migrant labourers from Aluva to Bhubaneshwar will be leaving by a special train at 6 pm this evening