-
കായക്കൊടി: ''ഒരു കാര്യം പ്രത്യേകമായി പറയുകയാണ് രാജസ്ഥാനില്‍നിന്ന് അതിഥിയായി ഇവിടെ എത്തിയ കോഴിക്കോട് ജില്ലയിലെ കായക്കൊടി പഞ്ചായത്തിലെ ദേശ് രാജിന്റെ സേവനങ്ങള്‍ മഹത്തരമാണ്...'' പതിവ് വാര്‍ത്താസമ്മേളനത്തില്‍ ബുധനാഴ്ച മുഖ്യമന്ത്രി ഇത്തരം ഒരു പരാമര്‍ശം നടത്തുമ്പോള്‍ കേരളവും കടന്ന് രാജ്യം മുഴുവന്‍ ഈ പേര് അഭിമാനത്തിന്റെ നെറുകയില്‍ എത്തുകയായിരുന്നു.
17 വര്‍ഷം മുമ്പ് പതിനാറാമത്തെ വയസ്സില്‍ രാജസ്ഥാനിലെ കരോളി ജില്ലയില്‍നിന്ന് ഈ നാട്ടില്‍ തൊഴില്‍തേടി എത്തിയ ദേശ് രാജ് പല ജോലികളില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. ദിവസേന കിട്ടുന്ന കൂലിയില്‍നിന്ന് മിച്ചംവരുന്ന തുക സ്വരുക്കൂട്ടി സ്വന്തമായി മാര്‍ബിള്‍ കച്ചവടത്തിലേക്ക് നീങ്ങി. കായക്കൊടിയില്‍ സ്ഥലം വാങ്ങി സ്വന്തമായി വീടുവെച്ച് ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം ജീവിതം. ഇതിനിടയിലാണ് കോവിഡ് ദുരിതം നാട്ടിലൊന്നാകെ വ്യാപിച്ചതും കായക്കൊടി പഞ്ചായത്തില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും. ഒരു നാടാകെ ദുരന്തത്തെ നേരിടുമ്പോള്‍ തനിക്കും കുടുംബത്തിനും താങ്ങുംതണലുമായിനിന്ന നാടിനോടുള്ള അളവറ്റ സ്‌നേഹം സന്നദ്ധ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ പ്രകടിപ്പിക്കുകയായിരുന്നു ഈ ചെറുപ്പക്കാരന്‍- കായക്കൊടി പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് മൂന്നുദിവസത്തേക്ക് ആവശ്യമായ മുഴുവന്‍ പച്ചക്കറികളും ഇദ്ദേഹം സംഭാവനയായി എത്തിച്ചു. അവിടെയും തീര്‍ന്നില്ല, പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ 580 കുടുംബങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറി കിറ്റുകളും ദേശ് രാജ് എത്തിച്ചുനല്‍കി. അതിനുമപ്പുറം തന്നെപ്പോലെ ജോലിതേടി ഈ നാട്ടിലെത്തിയ നൂറിലധികം അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ എത്തിച്ചുകൊടുത്തു.
ദേശ് രാജ് ഗുര്‍ജര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രങ്ങള്‍ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അശ്വതി സമൂഹമാധ്യമങ്ങളില്‍ക്കൂടി പങ്കുവെച്ചപ്പോഴാണ് ഈ നന്മയുടെ സന്ദേശം നാടാകെ വ്യാപിച്ചത്.
Content Highlight: Migrant worker provided 580 families with necessary vegetable kits
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..