കോഴിക്കോട്: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനായി കോഴിക്കോട് നിന്ന് രണ്ട് ട്രെയിന്‍ പുറപ്പെടും. ബിഹാറിലേക്കും മധ്യപ്രദേശിലേക്കുമാണ് പോവുക. വൈകുന്നേരം അഞ്ച്‌ മണിക്ക് ബിഹാറിലെ കത്തിയഹാറിലേക്കും രാത്രി എട്ട് മണിക്ക് മധ്യപ്രദശിലെ  ഭോപ്പാലിലേക്കും ട്രെയിന്‍ പുറപ്പെടുമെന്ന് റെയില്‍വേ  മാനേജര്‍ അറിയിച്ചു.
 
താമരശ്ശേരി താലൂക്കില്‍നിന്നുള്ള 1197 പേരുമായാണ് ബിഹാറിലേക്കാണ് ഒരു ട്രെയിന്‍ പോവുന്നത്. ജില്ലയിലെ 402 പേരും കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ അതിഥി തൊഴിലാളികളുമായാണ് രാത്രി മധ്യപ്രദേശിലേക്ക് ട്രെയിന്‍ പോവുക. കഴിഞ്ഞദിവസം ബിഹാറിലേക്കുള്ള ട്രെയിന്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് പലയിടത്തും തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ  റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാനായി കെ.എസ്.ആര്‍.ടി.സിയും തയ്യാറായിട്ടുണ്ട്. 
 
ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ പോകാനാവാതെ മലപ്പുറം ജില്ലയില്‍ കഴിയുകയായിരുന്ന അതിഥി തൊഴിലാളികളുടെ രണ്ടാമത്തെ സംഘം ഇന്ന് കോഴിക്കോട്ടു നിന്ന് പ്രത്യേക തീവണ്ടിയില്‍ യാത്രയാവുന്നത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി മധ്യപ്രദേശിലേക്കുള്ള 368 അതിഥി തൊഴിലാളികളെയാണ് കെ.എസ്.ആര്‍.ടി.സിയുടെ 10 ബസുകളിലായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. ജില്ലയില്‍ അതത് കേന്ദ്രങ്ങളില്‍ തന്നെ ഇവര്‍ക്കുള്ള പരിശോനകള്‍ പൂര്‍ത്തിയാക്കി കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ഭക്ഷണമുള്‍പ്പടെ നല്‍കിയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചത്.
 
സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച അതിഥി തൊഴിലാളികളുടെ പട്ടിക പൊലീസിന്റെ നേതൃത്വത്തില്‍ നേരത്തെ തയ്യാറാക്കിയിരുന്നു. ഇത് പ്രകാരം ജില്ലയിലെ കൊണ്ടോട്ടി, തിരൂരങ്ങാടി, തിരൂര്‍, ഏറനാട് താലൂക്കുകളിലെ അതിഥി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. കൊണ്ടോട്ടി താലൂക്കില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്ക് മേലങ്ങാടിയിലെ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും തിരൂര്‍, തിരൂരങ്ങാടി താലൂക്കില്‍ നിന്നുള്ളവര്‍ക്ക് ചേളാരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി  സ്‌കൂളിലും ഏറനാട് താലൂക്കില്‍ നിന്നുള്ളവര്‍ക്ക് കച്ചേരിപ്പടി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് രജിസ്‌ട്രേഷനും ആരോഗ്യ പരിശോധനയും നടത്തിയത്.
 
കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് കൈ കഴുകുന്നതിനുള്ള സൗകര്യവും മാസ്‌കുകളും നല്‍കിയിരുന്നു. പരിശോധനയ്ക്ക് ശേഷം രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ആവശ്യമായ ഭക്ഷണവും കുടിവെള്ളവും നല്‍കിയാണ് ഇവരെ യാത്രയാക്കിയത്.  ഡോക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് എന്നിവരുള്‍പ്പെടുന്ന മെഡിക്കല്‍ കൗണ്ടറുകളാണ് ഓരോ കേന്ദ്രത്തിലും പരിശോധനകള്‍ക്കായി ഒരുക്കിയിരുന്നത്. അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പു വരുത്താനും മറ്റ് കാര്യങ്ങള്‍ക്കുമായി പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.
 
Content Highlights:Two Special Train For Migrant Laboures