കോഴിക്കോട്: കുറ്റ്യാടിക്കടുത്ത പാറക്കടവില്‍ അതിഥി തൊഴിലാളികള്‍ പോലീസുകാരെ അക്രമിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. നാട്ടില്‍ പോകണമെന്ന ആവശ്യവുമായി പാറക്കടവില്‍ താമസിക്കുന്ന നൂറോളം ബിഹാര്‍ സ്വദേശികള്‍ പുറത്തിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇവരെ  കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനിടെ നാട്ടുകാരുമായും വാക്കേറ്റമുണ്ടാവുകയും ഇവര്‍ പോലീസിനേയും നാട്ടുകാരേയും അക്രമിക്കുകയായിരുന്നു. ബിഹാറിലേക്ക് 20-ാം തീയതി കഴിഞ്ഞേ ട്രെയിന്‍ ഉള്ളൂ കാത്തിരിക്കണം എന്നു പറഞ്ഞിരുന്നുവെങ്കിലും ഇവര്‍ കേട്ടില്ല.
 
ജാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലൊക്കെ ആളുകള്‍ പോയി,  ഞങ്ങള്‍ക്കും പോകണം എന്നു പറഞ്ഞ് പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് സ്ഥലത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ബന്ധമാണെങ്കില്‍ ഒരാള്‍ 7000 രൂപ വീതമെടുത്ത് 40 പേര്‍ക്ക് ഒരു ബസ് തരാം എന്ന് പൊലീസ് പറഞ്ഞെങ്കിലും അതിന് ഞങ്ങളുടെ കൈയില്‍ പണമില്ലെന്ന് പറഞ്ഞ് ഇവര്‍ പ്രതിഷേധിക്കുകയായിരുന്നു. ഞങ്ങള്‍ നടന്നു പോകുമെന്ന് തൊഴിലാളികള്‍ പറഞ്ഞുവെങ്കിലും ഇത് അനുവദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

പൊലീസ് പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍  രണ്ടു പേര്‍ ചേര്‍ന്ന് എസ്‌ഐയുടെ ലാത്തിക്ക് പിടിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് തൊഴിലാളികളെ വിരട്ടിയോടിച്ചിട്ടുണ്ട്. സംഭവത്തില്‍ നാല്  പേര്‍ പിടിയിലായിട്ടുണ്ടെന്നാണ് അറിയുന്നത്.

Content Highlights; Migrant Labours Kozhikode Kerala Police