തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് ഇന്നുതന്നെ പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. മുനിസിപ്പാലിറ്റികളുടെയും ഗ്രാമപഞ്ചായത്തുകളുടെയും സഹായത്തോടെ ഇവര്‍ക്ക് മൂന്ന് നേരവും ഭക്ഷണം എത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
അതിഥി തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്താന്‍ ജില്ലയിലെ ലേബര്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തും. ഇവര്‍ താമസിക്കുന്ന ഇടങ്ങളിലെ വൃത്തിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയും സര്‍ക്കാരിന്റെ പിന്തുണ അറിയിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതിഥി തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി കൂടുതല്‍ സ്കൂളുകളും കല്യാണ മണ്ഡപങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്നും മാറിത്താമസിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല. തിരിച്ചു വരുമ്പോഴേക്കും ഇപ്പോള്‍ താമസിക്കുന്ന സ്ഥലം നഷ്ടപ്പെടുമോ എന്ന ഭയമാണ് ഇതിനു കാരണം. ഇതിനും പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
അതേസമയം ജില്ലയില്‍ ക്വാറന്റൈന് ചെയ്യപ്പെട്ട് പട്ടിണിയിലായി പോയിട്ടുള്ള ആളുകള്‍ക്കായുള്ള സാമൂഹിക അടുക്കള 73 ഗ്രാമപഞ്ചായത്തുകളിലായി 97 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. നഗരസഭ ഇന്ന് ഉച്ചയോടുകൂടി 26 സാമൂഹിക അടുക്കളകള്‍ കൂടി ആരംഭിക്കും. മുനിസിപ്പാലിറ്റികളിലും നാലെണ്ണം വീതം ആരംഭിച്ചിട്ടുണ്ട്.
ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവര്ക്കും സാമൂഹിക അടുക്കളകളിലൂടെ ഭക്ഷണം എത്തിക്കാനാകും എന്നാണ് വിശ്വസിക്കുന്നത്. ഇതിനു വേണ്ടിയുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഒപ്പം തന്നെ ആദിവാസി മേഖല അടക്കമുള്ള ഇടങ്ങളില്‍ ഭക്ഷണത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ലഭ്യതക്കുറവ് ഉണ്ടാകുന്നില്ല എന്ന കാര്യത്തിലും ഉറപ്പു വരുത്തുമെന്ന് മന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..