ചെര്‍പ്പുളശേരി: പാലക്കാട് ചെര്‍പ്പുളശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശി അനില്‍ ഫാഹിനയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തെ തുടര്‍ന്ന് അനിലിന്റെ ബന്ധുവായ ധര്‍മ്മരാജ് ഫാഹിനയെ പോലീസ് അറസ്റ്റുചെയ്തു.

ധര്‍മ്മരാജ് ഫാഹിനയുടെ കീഴിലായിരുന്നു അനില്‍ ജോലി ചെയ്തിരുന്നത്. ഇവര്‍ തമ്മില്‍ ശമ്പള വ്യത്യാസത്തെ തുടര്‍ന്ന് മുമ്പും തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍, ഇന്നലെ ഇരുവരും മദ്യപിച്ചെത്തുകയും ഇക്കാര്യം പറഞ്ഞ് വക്കേറ്റമുണ്ടാവുകയുമായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്നാണ് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് ധര്‍മ്മരാജ് അനിലിനെ പിടിച്ച് തള്ളുകയും അയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് മരിക്കുകയുമായിരുന്നു.

സംഭവത്തില്‍ ചെര്‍പ്പുളശേരി പോലീസ് ധര്‍മ്മരാജിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. അനിലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകും.