തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് അഴിമതിയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്ന് വിജിലന്‍സ് എഫ്.ഐ.ആര്‍. വെള്ളാപ്പള്ളി ഉള്‍പ്പെടെ ആരോപണ വിധേയരായ അഞ്ചു പേര്‍ക്കുമെതിരെ തെളിവുണ്ടെന്നും ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടും നടന്നിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിവ് ലഭിച്ചതായി എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.

പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് വായ്പയെടുത്ത 15.85 കോടി രൂപ എത്തേണ്ടിടത്ത് എത്തിയില്ല. കുറഞ്ഞ പലിശയ്ക്ക് ഈ തുക വിതരണം ചെയ്യപ്പെട്ടില്ലെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചതെങ്കിലും മുന്‍ കാലങ്ങളില്‍ നടത്തിയ പദ്ധതികളെക്കുറിച്ച് പരിശോധനകള്‍ നടത്തിയില്ല എന്നത് സംശയമുണ്ടാക്കുന്നെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

സാമ്പത്തിക ക്രമക്കേടില്‍ വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുള്ളതിന് വ്യക്തമായ തെളിവുണ്ട്. വ്യാജ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായും വ്യക്തമായിട്ടുണ്ട്. പിന്നാക്ക വികസന കോര്‍പറേഷന്‍ എം.ഡിയായിരുന്ന നജീബ്, നിലവിലെ എം.ഡി ദിലീപ് കുമാര്‍ എന്നിവരടക്കം ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചനയില്‍ മറ്റു പ്രതികള്‍ക്കും പങ്കുള്ളതായും തെളിവുണ്ടെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

വെള്ളാപ്പള്ളിയെ കൂടാതെ പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എം.ഡി നജീബ്, നിലവിലെ എം.ഡി ദിലീപ് കുമാര്‍, മൈക്രോ ഫിനാന്‍സ് ചീഫ് കോര്‍ഡിനേറ്റര്‍ കെ.കെ മഹേശന്‍, എസ്.എന്‍.ഡി.പി യൂണിയന്‍ നേതാവ് ഡോ എം.എന്‍ സോമന്‍ എന്നിവരെ പ്രതിളാക്കി വിജിലന്‍സ് കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍ സമമര്‍പ്പിച്ചിരുന്നു. ഈ എഫ്.ഐ.ആറിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് 15 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.