ആലപ്പുഴ: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ വീണ്ടും കേസ്. വഞ്ചനാകുറ്റത്തിനാണ് കായംകുളം പോലീസ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. അംഗങ്ങളില്‍നിന്ന്‌ പിരിച്ചെടുത്ത പണം ബാങ്കില്‍ അടച്ചില്ല എന്ന പരാതിയിലാണ് കേസ്.

എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വേലന്‍ചിറ സുകുമാരന്‍, സെക്രട്ടറി പ്രദീപ് ലാല്‍, അനില്‍കുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. മൂന്ന് എസ്എന്‍ഡിപി ശാഖാ യൂണിറ്റുകളാണ് പരാതി നല്‍കിയിരിക്കുന്നത്.

അംഗങ്ങളുടെ പണം യൂണിയനുകള്‍ പിരിച്ചെടുക്കുകയും ബാങ്കില്‍ അടയ്ക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍, പണം ബാങ്കില്‍ എത്താത്തതിനാല്‍ അംഗങ്ങള്‍ക്ക് ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്താവുന്നത്. പണം നഷ്ടപ്പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്തിരുന്നു.

മൈക്രോ ഫിനാന്‍സ് അഴിമതിയില്‍ നേരത്തെ വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തി വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടും നടന്നിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിനു പിന്നാലെയാണ് വെള്ളാപ്പള്ളിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌.