തിരുവനന്തപുരം: മൈക്രോഫിനാന്‍സ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് സംഘമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വെള്ളാപ്പള്ളി അടക്കം അഞ്ച് പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടുള്ളത്.

പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എം.ഡി നജീബ്, നിലവിലെ എം.ഡി ദിലീപ് കുമാര്‍, മൈക്രോ ഫിനാന്‍സ് ചീഫ് കോര്‍ഡിനേറ്റര്‍ കെ.കെ മഹേശന്‍, എസ്.എന്‍.ഡി.പി യൂണിയന്‍ നേതാവ് ഡോ എം.എന്‍ സോമന്‍ എന്നിവരെയാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് 15 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലെ ആരോപണം.

പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് സംഘമാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുള്ളത്. സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നിവ അടക്കമുള്ള ആരോപണങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്.

 

ഒളിച്ചോടില്ലെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് കേസില്‍ ഏത് വെല്ലുവിളിയും നേരിടുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു കുറ്റവും ചെയ്തിട്ടില്ല. അതുകൊണ്ട് കേസില്‍ നിന്ന് ഒളിച്ചോടില്ല. എഫ്.ഐ.ആര്‍ ഇട്ടതുകൊണ്ട് താന്‍ കുറ്റവാളിയാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൈക്രോ ഫിനാന്‍സ്: കോടികളുടെ അഴിമതി ആരോപണം